എംസോൺ റിലീസ് – 2929
ഭാഷ | ഹിന്ദി |
സംവിധാനം | Abhishek Kapoor |
പരിഭാഷ 1 | പ്രജുൽ പി |
പരിഭാഷ 2 | വിഷ്ണു പ്രസാദ് എസ്. യു |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാന, വാണി കപൂർ എന്നിവർ
പ്രധാന വേഷത്തിൽ അഭിനയിച്ച് 2021 ൽ റിലീസായ ഹിന്ദി ചിത്രമാണ് ‘ചണ്ഡീഗഡ് കരേ ആഷിഖി‘.
ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട, അച്ഛനും മുത്തച്ഛനും രണ്ടു സഹോദരിമാരും ഉള്ള ഒരു സാധാരണക്കാരനാണ് നായകൻ. സ്വന്തമായി ഒരു ജിം രണ്ട് ഇരട്ടസഹോദരന്മാരായ കൂട്ടുകാരോടൊപ്പം നടത്തുന്നു. ഒരു സാധാരണ ബോളിവുഡ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്ത് രസകരമായി തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ സ്വന്തം സംരംഭമായ ജിം മുന്നോട്ടു കൊണ്ടുപോകുകയും ചണ്ഡീഗഡിലെ മികച്ച പവർ ലിഫ്റ്റർ ആവാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന നായകന്റെ ജിമ്മിലേക്ക് സുംബ ടീച്ചറായി നായിക വരികയാണ്. മികച്ച ഗാനങ്ങളും പ്രണയവും എല്ലാമായി മുന്നോട്ടുപോകുന്ന സിനിമയിൽ ഒരു വഴിത്തിരിവ് ഉണ്ടാകുന്നിടത്താണ് സിനിമ മറ്റൊരു ട്രാക്കിൽ സഞ്ചരിക്കുന്നത്.അതു കണ്ടുതന്നെ അറിയണം. ആയുഷ്മാൻ ഖുറാനയുടെ പതിവു നായക വേഷങ്ങളിൽ നിന്നും വിഭിന്നമായി വേറിട്ടൊരു ലുക്കിലാണ് താരം ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. ഈ സിനിമയെക്കുറിച്ച് ഒരു രൂപവും ഇല്ലാതെ ആദ്യമായി കാണുന്ന ഒരാൾക്ക് സാധാരണ ഒരു പ്രണയസിനിമ എന്ന രീതിയിൽ ആദ്യം തോന്നുമെങ്കിലും കുറച്ച് മുന്നോട്ടു പോയിക്കഴിയുമ്പോഴാണ് സിനിമ നമ്മളോട് സംവദിക്കാൻ ഉദ്ദേശിക്കുന്ന വിഷയമെന്താണെന്ന് മനസ്സിലാവുന്നത്. ഒരേ സമയം എല്ലാ ചേരുവകളും അടങ്ങിയതും എന്നാൽ പ്രസക്തമായ ഒരു വിഷയം നല്ലതുപോലെ തന്നെ അവതരിപ്പിക്കുന്നതും ആയ ഈ സിനിമ ഒരു Must Watch Movie ആണ്.
സ്ക്രിപ്റ്റ് സെലക്ഷനിലും അഭിനയത്തിലും ആയുഷ്മാൻ ഖുറാന ഒരിക്കലും മോശമാവില്ലെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. നായികയായി അഭിനയിച്ച വാണി കപൂറിന്റെ അഭിനയമികവും എടുത്ത് പറയേണ്ടതാണ്. ഇത്തരമൊരു വേഷം ചെയ്യാൻ കാണിച്ച മനസ്സ് തന്നെയാണ് നടിയുടെ പ്രശംസ അർഹിക്കുന്ന ഘടകം. കാലികപ്രസക്തിയുള്ള ഇത്തരമൊരു വിഷയം ചെയ്യാൻ കാണിച്ചതിന് ഈ സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളും പ്രശംസ അർഹിക്കുന്നു.