എം-സോണ് റിലീസ് – 1873
ഭാഷ | ഹിന്ദി |
സംവിധാനം | Siddharth Malhotra |
പരിഭാഷ | ദീപക് ദീപു ദീപക് |
ജോണർ | കോമഡി, ഡ്രാമ |
ട്യൂറെറ്റ് സിൻഡ്രോം എന്ന രോഗത്തിനടിമയായ നൈന മാത്തൂർ എന്ന അധ്യാപികയുടെ റോളിലാണ് റാണി മുഖർജി എത്തുന്നത്
2014 ൽ ധീരയായ ഐപിഎസ് ഓഫീസറെ ‘മർദാനി’യിൽ അവതരിപ്പിച്ച ശേഷം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റാണി മുഖർജി വെള്ളിത്തിരയിലെത്തുന്നത്. പ്രത്യേക തരത്തിൽ ശബ്ദമോ ചലനമോ ആവർത്തിക്കപ്പെടുന്ന ട്യൂറെറ്റ് സിൻഡ്രോമെന്ന ന്യൂറോളജിക്കൽ വൈകല്യമുള്ള കഥാപാത്രമാണിത്. വൈകല്യമുയർത്തുന്ന വെല്ലുവിളികളെ നേരിട്ട് വിജയം വരിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യുന്ന കഥാപാത്രമായി റാണി മുഖർജി ജീവിക്കുകയാണ് ഈ ചിത്രത്തിൽ.
ശാരീരിക വൈകല്യത്തെ അതിജീവിച്ച്, വളരെ ക്ലേശം സഹിച്ചാണ് നഗരത്തിലെ മികച്ച സ്‌കൂളിലെ ജോലി നൈന നേടിയെടുത്തത്. 18 തവണ ഇന്റർവ്യൂ നടത്തിയ ശേഷം വലിയ താൽപര്യമില്ലാതെയാണ് മാനേജ്‌മെന്റ് നൈനയെ സ്‌കൂളിൽ നിയമിക്കുന്നത്. നിലവിലുള്ള വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചേരിനിവാസികളായ കുട്ടികളെ കൂടി സ്‌കൂളിൽ ചേർക്കാൻ മാനേജ്‌മെന്റ് നിർബന്ധിതമാണ്. ഇത്തരത്തിലുള്ള കുട്ടികളുള്ള ക്ലാസിന്റെ ചുമതലയാണ് ടീച്ചർക്ക്. സമ്പന്നരുടെ കുട്ടികൾക്കുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഈ കുട്ടികളും തന്നെപ്പോലെ അവഗണനയുടെ ഇരകളാണെന്ന് ടീച്ചർ തിരിച്ചറിയുന്നു. എന്നാൽ ഇവരെ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ട്, അവരുടെ കഴിവുകൾ പൂർണമായും പ്രയോജനപ്പെടുത്തുന്നതോടെ അവഗണിച്ചവർ പോലും ആദരവുമായി എത്തുകയാണ്.
കേന്ദ്ര കഥാപാത്രത്തെ മിതവും ശ്ലാഘനീയവുമായ അഭിനയ മുഹൂർത്തത്തിലൂടെ റാണി മുഖർജി ഉജ്വലമാക്കി. ന്യൂറോളജിക്കൽ ഡിസോർഡറിന് അടിപ്പെട്ട വ്യക്തിയുടെ ചേഷ്ടകൾ അമിതാഭിനയത്തിലേക്ക് വഴുതി വീഴാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധ കാട്ടി.
നൈനയുടെ ഓരോ ചലനങ്ങളെയും പ്രേക്ഷകർ ഹൃദയത്തിലാവാഹിക്കുന്നുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതകളെയും, പുതിയ കാലഘട്ടത്തിൽ അധ്യാപകർക്കും കുട്ടികൾക്കും നേരിടേണ്ടിവരുന്ന സമ്മർദ്ദങ്ങളുമൊക്കെ കൃത്യമായി വരച്ചുകാട്ടിയിട്ടുണ്ട് ചിത്രം. മെട്രോപൊളിറ്റൻ നഗരങ്ങളുടെ ഓരം പറ്റി മുളച്ചുപൊന്തുന്ന ചേരികളിലെ ദരിദ്രരായ മനുഷ്യരുടെയും അവിടുത്തെ കുട്ടികൾ അനുഭവിക്കുന്ന വ്യഥകളെയും യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം കൗമാര പ്രായമായ കുട്ടികളുടെ മാതാപിതാക്കൾ നിശ്ചയമായും കണ്ടിരിക്കേണ്ടതാണ്.
ബോളിവുഡിലും നല്ല കഥകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ‘ഹിച്ച്കി’യുടെ വിജയം. യാഷ്‌രാജ് ഫിലിംസിന്റെ ബാനറിൽ സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിന്റെ സംവിധായകൻ. ജസ്‌ലീൻ റോയൽ, ഹിതേശ് സോണിക് എന്നിവരുടെ സംഗീത സംവിധാനത്തിൽ ഏഴ് പാട്ടുകളാണുള്ളത്. ഹർഷ്ദീപ് കൗർ, ബെന്നി ദയാൽ, ആർജിത് സിംഗ് എന്നിവരാണ് ഗായകർ. റാണിക്ക് പുറമെ നീരജ് കബി, ശിവസുബ്രഹ്മണ്യം, സച്ചിൻ, സുപ്രിയ, ഹർഷ് മയർ, കുനൽ ഷിൻഡെ എന്നിവരും പ്രധാന റോളുകളിലെത്തുന്നു. ബ്രാഡ് കോഹന്റെ ‘ഫ്രണ്ട് ഓഫ് ദ ക്ലാസ്’ എന്ന നോവലിനെ അവലംബിച്ച് നിർമ്മിച്ച അതേ പേരിലുള്ള ഇംഗ്ലീഷ് ചിത്രത്തിന്റെ ആശയം കടംകൊണ്ടിരിക്കുന്നു.