എംസോൺ റിലീസ് – 2922
ഭാഷ | ഹിന്ദി |
സംവിധാനം | Vasan Bala |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | ആക്ഷൻ, കോമഡി |
കൺജീനിയൽ ഇൻസെൻസിറ്റിവിറ്റി ടു പെയിൻ എന്ന അപൂർവ്വ രോഗവുമായി ജനിച്ച കുട്ടിയായിരുന്നു സൂര്യ. വേദന അനുഭവപ്പെടാനുള്ള കഴിവില്ലാഴ്മയാണ് ഈ രോഗാവസ്ഥ. നാല് വയസ്സിന് മേലെ സൂര്യ ജീവിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അവനൊരു ചോരക്കുഞ്ഞായിരിക്കെ തന്നെ അവന്റെ അമ്മ രണ്ട് മോഷ്ടാക്കളുടെ പിടിച്ചു പറിക്കിടയിൽ കൊല്ലപ്പെട്ടു. അതുകൊണ്ട് തന്നെ അവന്റെ അച്ഛൻ ജതിൻ സമ്പത്ത് അതീവ ശ്രദ്ധയോടെയായിരുന്നു സൂര്യയെ വളർത്തിയത്. പക്ഷേ, സൂര്യയുടെ മുത്തശ്ശൻ (അമ്മയുടെ അച്ഛൻ) ഒരൽപ്പം കുസൃതിയുള്ള കൂട്ടത്തിലായിരുന്നു. സൂര്യയെ വളർത്തിയത് മുത്തശ്ശൻ ആയതുകൊണ്ട് മുത്തശ്ശനെക്കാൾ കുസൃതിയിലാണ് അവൻ വളർന്നു വലുതായത്. അതായത് ഡോക്ടർമാരുടെ പ്രവചനം തെറ്റിച്ചുകൊണ്ട് അവൻ വളർന്നു. അവന്റെ അസുഖം കാരണം അവൻ ഒരിടത്തും പരാജയപ്പെട്ടു പോകരുതെന്ന് മുത്തശ്ശന് അത്രയ്ക്കും നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിനെ മറികടക്കാനുള്ള എല്ലാ ഉപായങ്ങളും പഠിപ്പിച്ചിട്ടായിരുന്നു മുത്തശ്ശൻ സൂര്യയെ വളർത്തിയത്. മുത്തശ്ശൻ പറഞ്ഞ കഥകളിലൂടെ കരാട്ടേയും കുങ്-ഫുവുമൊക്കെയായിരുന്നു സൂര്യയ്ക്ക് പ്രിയം. മുത്തശ്ശൻ അതിലൊക്കെ പരിശീലനം കൊടുത്തായിരുന്നു സൂര്യയെ വളർത്തിയത്. കൂടാതെ ബ്രൂസ് ലീയുടേത് അടക്കം മാർഷ്യൽ ആർട്സ് ഉള്ള സകല ഇടിപടങ്ങളുടെയും ആരാധകനായിരുന്നു കൊച്ചു സൂര്യ. അങ്ങനെയൊരിക്കൽ ഒരു വീഡിയോ കാസറ്റിൽ, തന്റെ ഒറ്റക്കാല് കൊണ്ട് നൂറ് പേരെ അടിച്ചിടുന്ന കരാട്ടേ-മാൻ എന്നറിയപ്പെടുമ്മ ആളെ നോക്കി സൂര്യ അന്ധാളിച്ചു പോവുകയാണ്. വലുതാകുമ്പോൾ താനുമൊരു കരാട്ടേ-മാൻ ആകുമെന്ന് സൂര്യ സ്വപ്‌നം കാണുന്നു. വേദന അറിയാത്ത അസുഖമുള്ള സൂര്യയെ സ്കൂളിലെ സഹപാഠികൾ പലപ്പോഴും ഒരു പരീക്ഷണ വസ്തുവായാണ് കണ്ടത്. അപ്പോഴൊക്കെ അവന്റെ രക്ഷയ്‌ക്കെത്തിയത് അവന്റെ അയൽവാസി കൂടിയായ സുപ്രി എന്ന പെൺകുട്ടിയായിരുന്നു. സൂര്യ കാരണം സുപ്രിയുടെ അച്ഛന് സംഭവിക്കുന്ന അപകടം കാരണം സൂര്യയ്ക്കും സുപ്രിക്കും വഴി പിരിയേണ്ടി വരികയാണ്. തന്റെ അസുഖത്തെ ഒരു സൂപ്പർ പവർ ആക്കിമാറ്റി സൂര്യയൊരു സൂപ്പർഹീറോ ആയി മാറുമോ? തന്റെ ബാല്യകാല സഖിയുമായി വീണ്ടും ഒത്തുചേരുമോ? തമാശയിൽ പൊതിഞ്ഞ വളരെ വ്യത്യസ്തമായ സൂപ്പർഹീറോ കഥ ഇവിടെ ജനിക്കുകയാണ്.