Pink
പിങ്ക് (2016)

എംസോൺ റിലീസ് – 1021

ഭാഷ: ഹിന്ദി
സംവിധാനം: Aniruddha Roy Chowdhury
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

1745 Downloads

IMDb

8/10

Movie

N/A

ഷൂജിത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ച് അനിരുദ്ധറോയ് ചൌധരി സംവിധാനം ചെയ്ത പിങ്ക് ബോളിവുഡ് മുഖ്യധാരയില്‍ ഒരു അതിഗംഭീര ചുവടുവെപ്പാണ്. ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ചില മുൻവിധികൾ, സ്ത്രീ വിരുദ്ധത, ചോദ്യം ചെയ്യപ്പെടാത്ത ആണധികാരം, സ്ത്രീകൾ നിത്യജീവത്തിൽ അനുഭവിക്കുന്ന അനീതികൾ, ചൂഴ്‌ന്ന്‌ നോട്ടങ്ങൾ അങ്ങനെയുള്ള വിഷയങ്ങൾ ഒട്ടും ദീര്‍ഘമായി പറഞ്ഞു മുഷിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുകയാണ് പിങ്കിൽ.

“നോ!” എന്നതൊരു പൂർണവാക്യമാണ്. ഒരു സ്ത്രീ “നോ” എന്ന് പറഞ്ഞാൽ അതിന്‍റെ അർത്ഥം “നോ” എന്ന് തന്നെയാണ്. അവളുടെ ഭൂതകാലമോ, അവൾ ധരിച്ചിരിക്കുന്ന വേഷമോ, അവൾ മദ്യപിച്ചിട്ടുണ്ടോ എന്നതോ ഒന്നും ഒരു വിഷയമല്ല. ഈ ഒരു അഭിപ്രായമാണ് പിങ്ക് പറഞ്ഞു വെക്കുന്നത്.

ചിത്രത്തിന്‍റെ ആദ്യ പകുതി ഒരു ത്രില്ലർ മൂഡിലാണ്. രണ്ടാം പകുതി കോടതി മുറി രംഗങ്ങള്‍ അമിതാഭ് ബച്ചൻ, പിയുഷ് മിശ്ര, ജഡ്ജിയായി വന്ന ധൃതിമാൻ ചാറ്റർജി എന്നിവര്‍ ഗംഭീരമാക്കി. ചെയ്യാത്ത കുറ്റത്തിന് നായികമാരിൽ ഒരാൾ അനുരഞ്ജനത്തിനു വേണ്ടി മാപ്പപേക്ഷിക്കാൻ പോകുന്ന ഒരു മനോഹരമായ രംഗമുണ്ട്, ആ ഒറ്റ സീന്‍ സിനിമയുടെ മുഴുവൻ പഞ്ചും നല്‍കുന്നതാണ്. നമ്മുടെ പെൺകുട്ടികൾക്ക് ഒരു കുഴപ്പവുമില്ല, അവര്‍ ശരിയാണ്; ആൺകുട്ടികളെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നു പിങ്ക് പറയുന്നു. ഒരു പെൺകുട്ടി സൌഹാര്‍ദ്ദപരമായി പെരുമാറിയാല്‍ അവൾ എന്തിനും തയ്യാറാണെന്നല്ല അര്‍ഥമെന്ന് നമ്മുടെ ആൺകുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണമെന്നും.

കോടതി മുറി രംഗത്തിലെ ചില ചോദ്യങ്ങൾ ജൂഡി ഫോസ്റ്റര്‍ അഭിനയിച്ച ‘ദി അക്ക്യൂസ്ഡ്’ എന്ന ചിത്രത്തെ ശരിക്കും ഓർമിപ്പിക്കും. ഇവിടെയും സ്ത്രീയുടെ കന്യകാത്വവും മദ്യപാനശീലങ്ങളും ആണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്ത്രീകൾ മദ്യപിച്ചാൽ സദാചാരപ്രശ്നവും, പുരുഷന്മാർ മദ്യപിച്ചാൽ ആരോഗ്യപ്രശ്നവും!! “ഐസി ലഡ്കിയോം കെ സാത് ഐസി ഹി ഹോതാ ഹേ” (ഇതുപോലത്തെ പെൺപിള്ളേർക്ക് ഇങ്ങനെത്തന്നെ സംഭവിക്കും) എന്ന മനോഭാവം ശരിക്കും തുറന്നു കാട്ടുന്നു ഈ രംഗങ്ങൾ. ഈ വനിതാ ദിനത്തിൽ എംസോണിലൂടെ “പിങ്ക്” ആസ്വദിക്കൂ.