എം-സോണ് റിലീസ് – 1311
ഭാഷ | ഹിന്ദി |
സംവിധാനം | Ram Gopal Varma |
പരിഭാഷ | ശരത് മേനോൻ |
ജോണർ | Action, Biography, Crime |
Info |
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഇന്നും നില നിൽക്കുന്ന അക്രമ രാഷ്ട്രീയത്തിന്റേയും തലമുറകളായുള്ള കുടുംബ പകയുടേയും പച്ചയായ ആവിഷ്ക്കാരമാണ് “രക്തചരിത്ര”. നന്മയും തിന്മയും ആപേക്ഷികമാണെന്നിരിക്കെ തന്നെ, സാഹചര്യങ്ങൾ എങ്ങനെ മനുഷ്യ സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നു എന്നും ഈ സിനിമ കാണിച്ചു തരുന്നു. അത്യന്തം വയലൻസും രക്തചൊരിച്ചിലും ഉള്ള ഈ ആക്ഷൻ പൊളിട്ടിക്കൽ ത്രില്ലർ യഥാർത്ഥ സംഭവങ്ങളേയും ജീവിച്ചിരുന്ന ആളുകളേയും ആസ്പദമാക്കി എടുത്തതാണെന്ന വസ്തുത പ്രേക്ഷകനെ ഭയപ്പെടുത്തുകയും അതേ സമയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആന്ധ്രപ്രദേഷിലെ ആനന്ദ്പൂർ മണ്ഡ്ലത്തിലെ MLAയും ക്യാബിനറ്റ് മന്ത്രിയുമായിരുന്ന പരിതല രവിയുടെ ജീവിത കഥയാണ് “രക്തചരിത്ര”.
പ്രതാപ് രവി എന്ന നായക കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നത് വിവേക് ഒബ്രോയ് ആണ്. വിവേക് ഒബ്രോയുടെ കരിയറിലെ തന്നെ മികച്ച വേഷമാണ് പ്രതാപ് രവി. രണ്ട് ഭാഗങ്ങളിൽ പുറത്തിറങ്ങിയ ഈ സിനിമയുടെ ആദ്യ ഭാഗത്ത് പ്രതാപ് രവിയുടെ ജീവിതവും കുടുംബ ബന്ധങ്ങളും വിഷയമാകുമ്പോൾ പ്രതാപിന്റെ ചെയ്തികൾ മറ്റ് കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് രക്തചരിത്ര രണ്ടാം ഭാഗത്തിൽ. അഭിമന്യു സിംഗ്, ശത്രുഘ്നൻ സിൻഹ, രാധിക ആപ്തേ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. പൊളിട്ടിക്കൽ ത്രില്ലറുകൾ, അധോലോക കഥകൾ, തുടങ്ങിയ ഡാർക്ക് ഷേഡുള്ള സിനിമകൾ കൈകാര്യം ചെയ്യാനുള്ള സംവിധായകൻ രാം ഗോപാൽ വർമ്മയുടെ കഴിവ് ഒരിക്കൽ കൂടി തെളിയിക്കുന്ന സിനിമയാണ് “രക്തചരിത്ര”.