എംസോൺ റിലീസ് – 2832
ഭാഷ | ഹിന്ദി & ഇംഗ്ലീഷ് |
സംവിധാനം | Shoojit Sircar |
പരിഭാഷ | പ്രജുൽ പി & രോഹിത് ഹരികുമാര്‍ |
ജോണർ | ബയോഗ്രഫി, ക്രൈം, ഡ്രാമ |
നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയാതെ പോയ നിരവധി പോരാളികള്‍ ഉണ്ട്. അവരില്‍ ഒരാളാണ് ഉധം സിംഗ്. അദ്ദേഹത്തെക്കുറിച്ചുള്ള ചിത്രമാണ് സുജീത്ത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ 2021-ല്‍ ഇറങ്ങിയ “സര്‍ദാര്‍ ഉധം“.
ഭഗത് സിംഗിൻ്റെ “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ” എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട ഉധം, ജയിൽ മോചിതനാവുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അപ്പോഴേക്കും ബ്രിട്ടീഷുകാർ ഭഗത്തിനെ തൂക്കിലേറ്റിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ സംഘടനയെ പുനഃരുജ്ജിവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉധം, റഷ്യവഴി ഇംഗ്ലണ്ടിലെത്തുന്നു. അവന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് പഞ്ചാബ് ഗവർണറായിരുന്ന മൈക്കിൾ ഒ’ഡ്വയറെ വധിക്കുക.
1933-40 കാലഘട്ടത്തിലെ ലണ്ടന്‍, 1919-ലെ ജാലിയന്‍വാലാ ബാഗ്, പഞ്ചാബ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. അതിനെ വളരെ മികച്ച രീതിയില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടെക്നിക്കല്‍ വശങ്ങളായ ചായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍, സംഗീതം, എഡിറ്റിംഗ് എന്നിവയും മികച്ച് നിൽക്കുന്നു. വിക്കി കൗശലാണ് ഉധം സിംഗിനെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ആ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള മറ്റ് അഭിനേതാക്കളും അവര്‍ക്ക് കിട്ടിയ കഥാപാത്രങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍, ഓരോ ഇന്ത്യക്കാരനും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് “സർദാർ ഉധം“.