എം-സോണ് റിലീസ് – 1698
ഭാഷ | ഹിന്ദി |
സംവിധാനം | Shoojit Sircar |
പരിഭാഷ | ഫവാസ് തേലക്കാട് |
ജോണർ | കോമഡി, റൊമാൻസ് |
ബൽദേവ് ചദ്ധ (അന്നു കപൂർ) ഒരു വന്ധ്യതാചികിത്സകനാണ്. ഡോക്ടർ ചദ്ധയുടെ അടുത്ത് വരുന്ന രോഗികൾക്ക് എത്ര ചികിത്സിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. നേരിട്ടും ഫോണിലും ഒക്കെ ഭീഷണിയും അസഭ്യവും കേൾക്കേണ്ടി വരുന്നു ഈ ഡോക്ടർക്ക്. തന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടേണ്ടി വരുന്ന അവസ്ഥയിലായ ഈ ഡോക്ടറുടെ പ്രശ്നം രോഗികൾക്ക് നൽകുന്ന ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അതുകൊണ്ട് വളരെ നിലവാരമുള്ള ബീജം നൽകാൻ കഴിവുള്ള ഒരാളുടെ അന്വേഷണത്തിലാണ് ഇദ്ദേഹം. ആകസ്മികമായി അദ്ദേഹം വിക്കിയെ (ആയുഷ്മാൻ ഖുറാന) കാണാൻ ഇടയാകുന്നു. ഡോക്റ്ററുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ, മുഖം കണ്ടാൽ ബീജത്തിന്റെ നിലവാരം മനസ്സിലാക്കാൻ കഴിയുന്ന ഈ ഡോക്ടർ, വിക്കി തന്നെ ഇനി മുതൽ തന്റെ ബീജദാതാവ് എന്ന് തീരുമാനിച്ച് അദ്ദേഹത്തെ സമീപിക്കുന്നു. പക്ഷേ വിക്കി നാണക്കേട് പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നത്. ഒടുവിൽ വിക്കി സമ്മതിക്കുന്നു.
മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നതാണെങ്കിലും പണം കിട്ടിത്തുടങ്ങിയതോടെ വിക്കിയ്ക്ക് ഇതിൽ താത്പര്യമാകുന്നു. നാലു വർഷത്തോളം ധാരാളം ബീജം ദാനം ചെയ്ത് വിക്കി പണമുണ്ടാക്കുന്നു. ആയിടയ്ക്ക് ആഷിമ റോയ് (യാമി ഗൌതം) എന്ന ബംഗാളി പെൺകുട്ടിയെ വിക്കി കാണാൻ ഇടയാകുകയും പ്രേമത്തിലാകുകയും ചെയ്യുന്നു. വിക്കി ബീജം ദാനം ചെയ്യുന്നത് നിർത്തിയാൽ ഡോ. ചദ്ധയുടെ ഹോസ്പിറ്റൽ വീണ്ടും പഴയ പോലെയാകും എന്ന് ഡോക്ടർക്ക് അറിയാം. വിക്കിയ്ക്കാണെങ്കിൽ താൻ ബീജം ദാനം ചെയ്താണ് പണമുണ്ടാക്കുന്നത് എന്ന് പ്രണയിനിയോട് പറയാനും വയ്യ. വിക്കിയുടെ കല്യാണവും കഴിയുന്നതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. തുടർന്ന് എന്ത് സംഭവിക്കുന്നു എന്നത് കണ്ടു തന്നെ അറിയുക.