എംസോൺ റിലീസ് – 2945
ഭാഷ | ഇന്തോനേഷ്യൻ & അറബിക് |
സംവിധാനം | Hanung Bramantyo |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ, റൊമാൻസ് |
ഇതൊരു പ്രണയകഥയാണ്. എന്നാല്‍ സാധാരണ കാണാറുള്ള പ്രണയകഥയല്ല. ആത്മീയതയില്‍ അണിയിച്ചൊരുക്കിയ മനോഹരമായൊരു സൃഷ്ടിയാണിത്. ഇസ്ലാമിക തത്വസംഹിതകളിലൂടെ ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ച്ചകളെ എങ്ങനെ നേരിടാമെന്ന് പ്രതിപാദിക്കുന്ന പ്രണയകഥയാണിത്.
ഈജിപ്റ്റിലെ അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടാനായി ശ്രമിക്കുന്ന ഇന്തോനേഷ്യക്കാരനായ ഫാഹ്റി ബിന്‍ അബ്ദുള്ളയാണ് ഈ കഥയിലെ നായകന്. ഈജിപ്റ്റിലെ തീപാറുന്ന പൊടിക്കാറ്റിലും തളരാതെ ജീവിതത്തില്‍ വലിയ വെല്ലുവിളികളും സധൈര്യം നേരിടാനുള്ള മനക്കരുത്ത് ആര്‍ജ്ജിച്ചെടുത്ത ഫാഹ്റിക്ക് പക്ഷേ ഒരുകാര്യം മാത്രം മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു: വിവാഹം ചെയ്യുവാന്‍.
സ്ത്രീകളോട് അങ്ങേയറ്റം മാന്യതയോടെ പെരുമാറുന്ന, ബന്ധുക്കളല്ലാത്ത ഒരു സ്ത്രീയെയും ഇന്നേവരെ സ്പര്‍ശിച്ചിട്ടില്ലാത്ത മതം മുറുകെപ്പിടിച്ച് ജീവിക്കുന്ന ഫാഹ്റിയുടെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ അരങ്ങേറിയ ഈജിപ്റ്റിലെ പിരമിഡുകളുറങ്ങുന്ന മണ്ണിലായിരുന്നു, അവന് അവിടെ വച്ച് ഖുര്‍ആനെ ആദരവോടെ നോക്കിക്കാണുന്ന അതിലുപരി ഫാഹ്റിയെ ആദരവോടെ നോക്കിക്കാണുന്ന മരിയ എന്ന ഈജിപ്ഷ്യന്‍ ക്രൈസ്തവ സുന്ദരിയെ കണ്ടുമുട്ടി. ആ ആദരവ് പിന്നീട് പ്രണയത്തിന്റെ പവിഴം പൊഴിച്ചുവോ?
മതപണ്ഡിതന്റെ മകളായ നൂറുലിനും അവനോട് സ്നേഹമായിരുന്നു. എന്നാല്‍ വെറുമൊരു കര്‍ഷകന്റെ മകനെന്ന അപകര്‍ഷതാബോധം അവനെ പിന്നോട്ട് വലിച്ചു, എങ്കിലും നൂറുല്‍ അവളുടെ പ്രണയശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. നിത്യവും ഉപ്പയുടെ ശകാരങ്ങളും ഉപദ്രവങ്ങളും നിറഞ്ഞ ദുരിതക്കയത്തില്‍ നിന്നും തെല്ലൊരു തേങ്ങിക്കരച്ചിലോടെ എല്ലാം മറക്കുന്ന നൂറയെന്ന അയല്‍ക്കാരിയോട് അവന് സഹാതാപം മാത്രമായിരുന്നോ? ആ സഹതാപത്തെ നൂറ എങ്ങനെയായിരിക്കും നോക്കിക്കാണുക?
മെട്രോ ട്രെയിനിലെ തിരക്കിലും അവനെ അന്വേഷിച്ച് ആ മനോഹരനേത്രങ്ങള്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു, വിദേശികളെ വെറുപ്പോടെ കാണുന്ന സ്വന്തം സമുദായത്തിലെ വിഷവിത്തുകളെ കണക്കറ്റം പരിഹസിച്ച ഇടനെഞ്ചില്‍ തീയും പേറി നടക്കുന്നവനെ അവള് അന്നേ നോട്ടമിട്ടിരുന്നു, ഐഷ എന്നായിരുന്നു അവളുടെ പേര്. ഫാഹ്റിക്ക് തന്റെ മനസ്സിനെ കടിഞ്ഞാണിടാന്‍ കഴിഞ്ഞോ?
ഇവരില്‍ ആരുടേതാകും യഥാര്‍ത്ഥ പ്രണയം? ഫാഹ്റി ജീവിതസഖിയായി ഒപ്പം കൂട്ടുക ആരെയാകും?