എം-സോണ് റിലീസ് – 556
അദ്ധ്യാപക ചലച്ചിത്രോൽസവം- 4
ഭാഷ | ഇൻഡോനേഷ്യൻ |
സംവിധാനം | റിറി റിസ |
പരിഭാഷ | കെ ജയേഷ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ |
യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന്‍റെ ആധാരം. Andrea Hirata എഴുതിയ ഇതേ പേരിലുള്ള നോവൽ ആസ്പദമാക്കി Riri Riza സംവിധാനം ചെയ്ത ചിത്രമാണ് Laskar Pelangi. വളരെ ശ്രദ്ധയും ഗൗരവവും അർഹിക്കുന്ന വിഷയം തന്‍റെ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്തതിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. ബെലിടങ് ഐലന്റിലെ സർക്കാർ സ്കൂളുകളുടെയും മതപഠനസ്‌കൂളുകളുടെയും യഥാർത്ഥ അവസ്ഥ തുറന്ന് കാണിക്കുകയായിരുന്നു സംവിധായകന്‍റെയും കൂടെ അണിയറയിൽ പ്രവർത്തിച്ചവരുടെയും ലക്ഷ്യം.
മുഹമ്മദിയ്യ സ്‌കൂളിലെ അധ്യാപകരെയും പത്ത് കുട്ടികളെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോവുന്നത്. 1970കളിലെ ഒരു പാഠ്യവർഷത്തിന്റെ തുടക്കം. എല്ലാ സ്‌കൂളുകളിലും കുട്ടികൾ പുതിയ ഉടുപ്പുകളും പുസ്തകങ്ങളുമായി സന്തോഷത്തോടെ ഒത്തുകൂടുന്ന സുദിനം. അങ്ങനെ എല്ലായിടത്തും സന്തോഷം അലയടിക്കുമ്പോൾ ഒരിടത്ത് മാത്രം സ്ഥിതി മറിച്ചായിരുന്നു. മുഹമ്മദിയ്യ എലമന്ററി സ്‌കൂളിൽ.
ഒരുകാലത്ത് പേരുകേട്ട സ്കൂളായിരുന്നു മുഹമ്മദിയ്യ. എന്നാൽ ഓരോ വർഷം കഴിയുന്തോറും മറ്റ് മുന്തിയ സ്‌കൂളുകൾ ഓരോന്നായി പ്രവർത്തനം ആരംഭിക്കുന്തോറും മുഹമ്മദിയ്യയിൽ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഗണ്യമായി കൂടിക്കൊണ്ടിരുന്നു. ഒടുവിൽ സ്‌കൂൾ പൂട്ടാൻ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒരു ഇളവ് കൊടുത്തിരുന്നു. പത്ത് കുട്ടികൾ ഉണ്ടെങ്കിൽ സ്‌കൂൾ തുറന്ന് പ്രവർത്തിക്കാം.
പിന്നെ അതിനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും. ടീച്ചർ മുസ്ലിമയും ഹർഫാനും കിണഞ്ഞ് പരിശ്രമിച്ച് പത്ത് കുട്ടികളെ അവസാനം സ്‌കൂളിലേക്ക് കൊണ്ടുവന്നു. പഠിക്കാൻ യാതൊരു സാഹചര്യവും സാമ്പത്തികവും ഇല്ലാത്ത, എന്നാൽ കുറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള കുട്ടികൾ. തുടർന്ന് അവരുടെ സ്‌കൂൾ ജീവിതവും അധ്യാപകരുമായുള്ള മാനസിക അടുപ്പവും സൗഹൃദവും രസകരമായ കുറച്ച് സംഭവങ്ങളിലുമൂടെ കഥ വികസിക്കുന്നു.
Bandung ഫിലിം ഫെസ്റ്റിവലിലും ഇന്തോനേഷ്യൻ ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയപ്പോൾ International Children & Young Adults Film festivalൽ ഗോൾഡൻ ബട്ടർഫ്‌ളൈ അവാർഡും Udine Far East International Film Festivalൽ ഓഡിയൻസ് അവാർഡും ചിത്രം കരസ്ഥമാക്കി.