എംസോൺ റിലീസ് – 3023
ക്ലാസിക് ജൂൺ 2022 – 01
ഭാഷ | ഇറ്റാലിയൻ, ഫ്രഞ്ച് |
സംവിധാനം | Federico Fellini |
പരിഭാഷ | മുബാറക് റ്റി എൻ |
ജോണർ | ഡ്രാമ |
ഇറ്റാലിയൻ സിനിമയിലെ പ്രസിദ്ധ സംവിധായകനാണ് ഗൈഡോ അൻസെൽമി. യാതൊരു കാപട്യങ്ങളുമില്ലാത്ത, ഏവർക്കും ഉപകാരപ്പെടുന്ന പുതിയൊരു സയൻസ് ഫിക്ഷൻ ചിത്രം നിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന Director’s Block ൽ നിന്നും അയാൾ രക്ഷ നേടാൻ ശ്രമിക്കുന്നതും, തന്റെ സ്വപ്ന സിനിമയെ പൂർത്തീകരിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ്, വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡെറികോ ഫെല്ലിനിയുടെ സംവിധാനത്തിൽ 1963 ൽ പുറത്തിറങ്ങിയ ചിത്രമായ 8½ ന്റെ ഇതിവൃത്തം. ഏറെ ആത്മകഥാംശങ്ങൾ നിറഞ്ഞ ചിത്രം, സർറിയലിസ്റ്റിക് ചിഹ്നങ്ങളും , പ്രതീകാത്മക ദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ്.
ഇടയ്ക്കെങ്ങോ നഷ്ടപ്പെട്ടു പോയ സിനിമയോടുള്ള ആവേശവും, വ്യക്തി ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളും, കുട്ടിക്കാലത്തെ ഓർമ്മകളുമെല്ലാം സിനിമയിലെ നായകനെ വിടാതെ പിന്തുടരുന്നുണ്ട്. വിജയകരമായ ഒരു സിനിമയ്ക്ക് ശേഷം പുതിയൊരു ചിത്രമൊരുക്കുമ്പോൾ ഒരു സംവിധായകൻ നേരിടുന്ന പ്രശ്നങ്ങളും, പ്രേക്ഷകരും നിരൂപകരും അയാൾക്ക് മേൽ ചെലുത്തുന്ന സമ്മർദ്ദങ്ങളും മനോഹരമായി ചിത്രം അവതരിപ്പിക്കുന്നുണ്ട്. ഗൈഡോ അൻസെൽമിയായി വേഷമിട്ടിരിക്കുന്ന മർചെലോ മാസ്ട്രിയാനിയുടെ ഗംഭീര പ്രകടനം, ചിത്രത്തിൻ്റെ മാറ്റു കൂട്ടുന്നു
“ആധുനിക സിനിമായുഗത്തിന് തുടക്കം കുറിച്ച ചിത്രമെന്ന്” പല നിരൂപകരും വാഴ്ത്തിയ ഈ ചിത്രത്തിന്, മികച്ച വിദേശ ഭാഷാ ചിത്രത്തിനും, മികച്ച വസ്ത്രാലങ്കാരത്തിനും ഓസ്കാർ അവാർഡും ലഭിക്കുകയുണ്ടായി. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 10 ചിത്രങ്ങളിൽ ഒന്നായ ഈ സിനിമ, ഓരോ കാഴ്ചയിലും പ്രേക്ഷകന് വ്യത്യസ്ത അനുഭവങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.