എം-സോണ്‍ റിലീസ് – 950
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Dario Argento |
പരിഭാഷ | അവർ കരോളിൻ |
ജോണർ | ഹൊറർ |
Dario Argentoന്‍റെ സംവിധാനത്തിൽ പുറത്തു വന്ന ഇറ്റാലിയൻ ഹൊറര്‍ ചിത്രമാണ് Suspiria. മിക്ക ഹൊറര്‍ സിനിമകളുടെയും പ്രവചനാത്മകമായ കഥാ പരിസരമാണ് ഈ ചിത്രത്തിനുമുള്ളത്. പിശാശുക്കളാൽ ഭരിക്കപ്പെടുന്ന ഒരു കെട്ടിടം, അവിടേക്കെത്തുകയും, അതിന്‍റെ നിഗൂഡതകളിലേക്ക് പ്രേക്ഷകനെ നയിക്കുകയും ചെയ്യുന്ന പ്രധാന കഥാപാത്രം. Freiburgലെ ഡാന്‍സ് സ്കൂള്‍ പിശാശുക്കളുടെ കെട്ടിടവും, ഡാൻസ് പഠിക്കാൻ അമേരിക്കയിൽ നിന്നെത്തുന്ന Suzy Bannion പ്രധാന കഥാ പാത്രമായും Suspiriaയില്‍ രൂപാന്തരപ്പെടുന്നു.
സ്ഥിരം ഹൊറര്‍ സിനിമകളിലെ അപ്രതീക്ഷിത സംഭവ പരമ്പരകളൊന്നും Suspiriaയ്ക്ക് പറയാനില്ല. എണ്ണത്തിൽ കുറവെങ്കിലും, അതിതീക്ഷ്ണമായ ചില വയലൻസ് രംഗങ്ങളും, തികച്ചും പ്രവചനാത്മകമായ കഥാവഴിയുമെല്ലാം, Suspiriaയുടെ ന്യൂനതകളായി ഉയർത്തികാട്ടാനുമാവും. പക്ഷേ, സിനിമയുടെ ദ്രിശ്യഭാഷയെ ഗൌരവമായി ആസ്വദിക്കുകയും, പഠിക്കുകയും ചെയ്യുന്നവര്‍ക്ക്, Suspiria ഒരു “Must Watch” തന്നെയാണ്. നിരൂപകര്‍ Atmospheric Horror എന്ന് വിളിക്കുന്ന, പ്രത്യേക ശ്രേണിയില്‍ പെടുത്താവുന്ന കിടയറ്റ സിനിമാ അനുഭവമാണ് ഈ ചിത്രം. ഭീതിജനകമായ ഒരു പരിസരം സൃഷ്ട്ടിക്കുക എന്നതാണ് Atmospheric Horror സിനിമകളുടെ പ്രവര്‍ത്തന രീതി. സംഗീതവും, രംഗസജ്ജീകരണവും, അഭിനയവുമെല്ലാം ഒരു പ്രത്യേക അനുപാതത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഭീതിയുടെ അന്തരീക്ഷം ഇത്തരം സിനിമകളില്‍ സൃഷ്ട്ടിക്കപ്പെടുന്നത്. കടുത്ത നിറങ്ങളും, അസാധാരണമായ സംഗീതവും, രംഗസജ്ജീകരണവുമെല്ലാം ചേര്‍ത്ത്, “മനോഹരമായൊരു” ഭീതിയാണ് Suspiria നിര്‍മ്മിച്ചെടുക്കുന്നത്. ഭയത്തേക്കാള്‍, ഭയം സൃഷ്ട്ടിക്കാന്‍ ഉപയോഗിച്ച ദ്രിശ്യ മികവാണ് ഈ സിനിമയില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്.
Suspiriaയ്ക്കു വേണ്ടി, Goblin നിര്‍മ്മിച്ച പ്രധാന സൗണ്ട് ട്രാക്ക് കൌതുകകരമായ ഒരു സൃഷ്ടിയാണ്. നഴ്സറി ഗാനമായ twinkle, twinkle little star നെ അനുസ്മരിപ്പിച്ചു തുടങ്ങുന്ന ഈ സംഗീതം, ഭീതിയുടെ കൊടുമുടികളിലേക്ക് പ്രേക്ഷകനെ പതുക്കെ, പതുക്കെ കൈപിടിച്ചു നടത്തും. ഇരുട്ടില്‍ നില്‍ക്കുന്ന നില്‍ക്കുന്ന പ്രേക്ഷകന്‍റെ കാതുകളില്‍ പതുക്കെ സംസാരിക്കുന്ന ഭാവമാണ്, ഈ സൗണ്ട് ട്രാക്ക് പങ്കുവെയ്ക്കുന്നത്. ക്രമേണ ഈ ഭാവം തീവ്രമായ ഭീതിയായി മാറുന്നതും കാണാം. രംഗ സജ്ജീകരണവും, ഈ സൗണ്ട് ട്രാക്കും കൃത്യമായി ചേരുന്നിടങ്ങളിലെല്ലാം, അവിസ്മരണീയമായ നിമിഷങ്ങളാണ് അഭ്രപാളിയില്‍ പിറവികൊള്ളുന്നത്. കീഴടക്കാന്‍ ബാക്കി കിടക്കുന്ന സൗന്ദര്യത്തിന്‍റെ ഒരായിരം മലഞ്ഞെരിവുകള്‍, ഭയത്തിലും, ഭയപ്പെടുത്തലിലുമുണ്ടെന്ന് ആദ്യം ബോധ്യപ്പെടുത്തിയത്, Stanley Kubrickന്‍റെ The Shining ആയിരുന്നു. ആ ബോധ്യപ്പെടല്‍ Suspiriaയിയലൂടെ തുടരുക തന്നെയാണ്. Dario Argentoന്‍റെ മറ്റൊരു ഹൊറര്‍ ചിത്രമായ Deep Red (1975) കൂടി കാണേണ്ടിയിരിക്കുന്നു.