Gojira
ഗോജിറ (1954)

എംസോൺ റിലീസ് – 2621

IMDb

7.6/10

Movie

N/A

ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമയാണ് 1954ല്‍ പുറത്തിറങ്ങിയ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത “ഗോജിറ” എന്ന ജാപ്പനീസ് ചലച്ചിത്രം.

ആണവസ്‌ഫോടനങ്ങൾ കാരണം നൂറ്റാണ്ടുകളായി ഭൂമിയുടെ അടിത്തട്ടില്‍ വിശ്രമിച്ചിരുന്ന ഗോജിറ എന്ന ഭീകര ജീവി പുറത്തു വരുന്നു. ശേഷം അക്രമകാരിയായ ഗോജിറ ജപ്പാനിലൂടെ അക്രമകാരിയായി വിളയാടുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം 1945ല്‍ അമേരിക്ക ജപ്പാനില്‍ അണുബോംബ് ഉപയോഗിച്ചു. തുടര്‍ന്ന് ജപ്പാന്‍ യുദ്ധത്തില്‍ അടിയറവ് പറയുകയും ശേഷം 7 വര്‍ഷകാലം അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ അധീനതയില്‍ കഴിഞ്ഞു.

അധിനിവേശ സമയത്ത് യുദ്ധത്തെ കുറിച്ചോ ആണവ ഭീകരതയെ കുറിച്ചോ തുറന്നു പറയാൻ പറ്റാത്ത രീതിയിൽ ജാപ്പനീസ് മാധ്യമങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ചുമത്തിയിരുന്നു. 1952ല്‍ സഖ്യകക്ഷികള്‍ ജപ്പാനില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും പുതിയ ഭരണകര്‍ത്താക്കള്‍ക്കും പഴയ മുറിവുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താല്‍പ്പര്യമില്ലായിരുന്നു. ഈ പരിതസ്ഥിതിയിൽ നിന്നുമാണ് ഇഷിറോ ഹോണ്ടയുടെ “ഗോജിറ” റിലീസ് ചെയ്യുന്നത് നൽകുന്നത്. ഒരു സയൻസ് ഫിക്ഷൻ മോൺസ്റ്റർ ചിത്രമെന്ന ലേബലിൽ പുറത്തിറങ്ങിയ സിനിമ പരോക്ഷമായി സംസാരിച്ചത് മുഴുവൻ യുദ്ധകെടുതികളെ കുറിച്ചും മനുഷ്യന്റെ കയ്യിലുള്ള വിനാശകരമായ ആണവായുധങ്ങളെ കുറിച്ചുമായിരുന്നു.

ഗോജിറ ആക്രമിച്ചു കടന്നു പോകുന്ന പട്ടണങ്ങളുടെ അവസ്ഥ അണുബോംബ് വര്‍ഷത്തിന് ശേഷമുള്ള ഹിരോഷിമയെയും, നാഗസാക്കിയെയും ഓര്‍മിപ്പിക്കും. യുദ്ധ കെടുതികളുടെയും ആണവായുധങ്ങളുടെ വിനാശ ശക്തിയുടെയും ബിംബമായാണ് ചിത്രം ഗോജിറയെ അവതരിപ്പിക്കുന്നത്. പട്ടണങ്ങൾ തകർത്ത് ആയിരക്കണക്കിന് ആൾക്കാരെ കൊന്ന് മുന്നേറുന്ന ഗോജിറ ശരിക്കും യുദ്ധത്തിലും യുദ്ധാനന്തരവും ജാപ്പനീസ് ജനത അനുഭവിച്ച കഷ്ടപാടുകളെ തന്നെയാണ് സൂചിപ്പിച്ചത്. എന്തിന് പറയുന്നു, ഗോജിറയുടെ പുറം തൊലി പോലും ആണവ ദുരന്തത്തിൽ നിന്നും രക്ഷപെട്ടവരുടെ തൊലിയുടെ നിറവും പരുക്കന്‍ വ്രണങ്ങളും ആസ്പദമാക്കി നിര്‍മ്മിച്ചതാണ്. പ്രത്യക്ഷത്തിലും പരോക്ഷത്തിലും അത്രമാത്രം യുദ്ധത്തിനും ആണവായുധങ്ങൾക്കും എതിരെയുള്ളൊരു സന്ദേശമായിരുന്നു ഗോജിറ.