Love Letter
ലവ് ലെറ്റർ (1995)

എംസോൺ റിലീസ് – 1669

ഭാഷ: ജാപ്പനീസ്
സംവിധാനം: Shunji Iwai
പരിഭാഷ: മനീഷ് ആനന്ദ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

2717 Downloads

IMDb

7.9/10

ഈ ശിശിരകാലത്തേയും തൂവെള്ള മഞ്ഞിനേയും ആദ്യ പ്രണയത്തേയും പ്രതിനിധീകരികരിക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് “ഏപ്രിൽ സ്റ്റോറി“യുടെ സംവിധായകനായ ഷുഞ്ചി ഇവായ് 1995-ൽ അണിയിച്ചൊരുക്കിയ മറ്റൊരു മികച്ച പ്രണയ ചിത്രമായ “ലവ് ലെറ്റർ“.

തന്റെ മുൻ കാമുകനായ ഫുജി ഇത്സുകിയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത വതനബെ ഹിരോകോ, ജൂനിയർ ഹൈസ്കൂൾ ഇയർബുക്കിൽ നിന്നും കണ്ടെത്തിയ അവന്റെ പഴയ വിലാസത്തിലേക്കൊരു പ്രണയ ലേഖനമയക്കുകയും എന്നാൽ മരിച്ച ഇത്സുകിയിൽ നിന്ന് സംശയാസ്പദമായ ഒരു മറുപടി വരികയും ചെയ്യുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ആ കത്ത് കാമുകനായ ഇത്സുകിയിൽ നിന്നല്ലെന്ന് ബോധ്യമുണ്ടെങ്കിലും, അത് സ്വർഗത്തിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കാനായിരുന്നു അവൾക്കിഷ്ടം. എന്നാൽ മറുതലക്കലിൽ നിന്നും മറുപടി അയക്കുന്നതാകട്ടെ അവളുടെ കാമുകന്റെ അതേ പേരുള്ള പെൺകുട്ടിയും! അങ്ങനെ ഇരുവരുടെയും കത്തിടപാടുകളിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നതോടൊപ്പം ഏവർക്കും പ്രിയപ്പെട്ട “ആദ്യ പ്രണയം” എന്ന വികാരവും സ്മരണകളും കൊണ്ട് നിറഞ്ഞ കാലത്തെ സൂക്ഷ്മമായി പകർത്തുകയും ചെയ്യുന്നു. ഹിരോകോ എപ്പോഴെങ്കിലും ഇത്സുകിയെ കാണുമോ? അവളുടെ മരിച്ചുപോയ കാമുകനായ ഇത്സുകിയും ഒതാരുവിൽ താമസിക്കുന്ന ഇത്സുകിയും തമ്മിൽ എന്തുതരം കഥയാണുള്ളത്? ഈ ചോദ്യങ്ങൾക്ക് കഥ, അല്ല കത്തുകൾ തന്നെ ഉത്തരം പറയും…

വ്യത്യസ്തമായ ദൃശ്യസൗന്ദര്യവും വികാരവും നൽകുന്ന സംവിധായകൻ ഷുഞ്ചി ഇവായിയുടെ വേദനാജനകവും യഥാസമയം മനോഹരവുമായ പ്രണയകഥയും നകയാമ മിഹോയുടെ ഹൃദയസ്പർശിയായ വൈകാരിക അഭിനയവും റെമിഡിയോസിന്റെ പിയാനോ മെലഡി സംഗീതങ്ങളുമാൽ തിളങ്ങുന്ന കാവ്യാത്മകമായ ചിത്രമാണ് “ലവ് ലെറ്റർ“. ഗ്രാമീണ ഹൊക്കൈദോയുടെ മനോഹരമായ ശീതകാല പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം മനുഷ്യവികാരങ്ങളെ സ്‌ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഷുഞ്ചി ഇവായിയുടെ സമർത്ഥമായ കഴിവ് പൂർണ്ണമായും പ്രകടമാക്കുന്നു. അത്തരത്തിൽ മഞ്ഞു പോലെ ശുദ്ധമായ ആദ്യ പ്രണയത്തിന്റെ മറന്നുപോയ ഓർമ്മകളെ പുറത്തെടുത്ത് ഈ ശൈത്യകാലത്തെ മഞ്ഞുവീഴ്ചയിൽ ഊഷ്മളമായ പഴയ ഓർമ്മകളുടെ ഗൃഹാതുരത്വം ഉണർത്തി “ലവ് ലെറ്റർ” പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടതാവുമെന്നത് തീർച്ചയാണ്.