എംസോൺ റിലീസ് – 3151
ഭാഷ | ജാപ്പനീസ് |
സംവിധാനം | Hayao Miyazaki |
പരിഭാഷ | ഷംനജ് ഇ. പി. |
ജോണർ | ആനിമേഷന്, അഡ്വഞ്ചർ, കോമഡി |
ജാപ്പനീസ് ആനിമേഷൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സ്പിരിറ്റഡ് എവേ (2001) എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹയാവോ മിയസാക്കി Studio Ghibli യുടെ പ്രൊഡക്ഷനിൽ പുറത്തിറക്കിയ ഏട്ടാമത്തെ ചിത്രമാണ് പൊന്യോ (ഓൺ ദ ക്ലിഫ് ബൈ ദ സീ).
ദുഷ്ടനായ മന്ത്രവാദിയുടെ തടങ്കലിൽ നിന്നും രക്ഷപ്പെട്ട് വന്ന ഒരു മത്സ്യം കടൽ തീരത്ത് കളിക്കാനിറങ്ങിയ അഞ്ച് വയസ്സുള്ള സൊസുകെയുടെ കയ്യിൽ കിട്ടുന്നു. കേവലമൊരു ഗോൾഡ്ഫിഷാണെന്ന് കരുതി അതിനെ അവൻ വളർത്താൻ തീരുമാനിച്ചു. പിന്നീട് ചില അസ്വാഭാവിക വിദ്യകൾ കാണിച്ച് സൊസുകെയെ ആ മത്സ്യം അത്ഭുതപ്പെടുത്തുന്നു. ജാല വിദ്യകൾ കാണിക്കുന്ന ആ മത്സ്യത്തിന് അവൻ പൊന്യോ എന്ന പേര് നൽകി. പിന്നീടൊരു ദിവസം പൊന്യോയെ മന്ത്രവാദി തിരിച്ചു പിടിക്കുന്നു. പൊന്യോയുടെ മനുഷ്യനാകാനുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിലാക്കിയ മന്ത്രവാദി പൊന്യോയെ വീണ്ടും തടങ്കലിൽ വെക്കുന്നു. പൊന്യോയ്ക്ക് പൂർണ പിന്തുണ നൽകുന്ന സഹോദരങ്ങൾ അവളെ രക്ഷിക്കുകയും, കടൽ ക്ഷോഭമുള്ള ഒരു ദിവസം പൊന്യോ മനുഷ്യ രൂപത്തിൽ സൊസുകെയുടെ മുന്നിൽ എത്തുകയും ചെയ്യുന്നു. കടൽ ജീവിയായ പൊന്യോയുടെയും മനുഷ്യനായ സൊസുകെയുടെയും നിഷ്കളങ്കമായ പ്രണയത്തിന്റെ കഥയാണ് തുടർന്ന് ചിത്രത്തിന്റെ ഇതിവൃത്തം. ആനിമേഷൻ സ്റ്റൈലുകൾ കൊണ്ടും ബോറടിപ്പിക്കാതെയുള്ള കഥപറച്ചിൽ കൊണ്ടും മികച്ചു നിൽക്കുന്ന ഒരു ദൃശ്യ വിസ്മയമാണ് ഈ സിനിമ.
2008 ൽ ഇറങ്ങിയ ഈ ചിത്രം ലോകോത്തലമായി $204 മില്യൺ ബോക്സ് ഓഫീസ് കളക്ഷൻ നേടി “ഓൾ ടൈം ഹയസ്റ്റ് ഗ്രോസ്സിംഗ് അനിമേ ഫിലിം” ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തും നിലനിൽക്കുന്നു. കൂടാതെ വിവിധ തലങ്ങളിൽ നിരവധി അവാർഡുകളും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
പ്രായ പരിമിതികളില്ലാതെ ഏതൊരാൾക്കും കണ്ടു ആസ്വദിക്കാവുന്ന മനോഹരമായ ഒരു സിനിമയാണിത്. അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണിത്.