എംസോൺ റിലീസ് – 2947
ഭാഷ | ജാപ്പനീസ് |
സംവിധാനം | Hirokazu Koreeda |
പരിഭാഷ | ജിഷ്ണുദാസ് ചെല്ലൂർ |
ജോണർ | ക്രൈം, ഡ്രാമ |
Hirokazu Koreeda യുടെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ, 2019 ഓസ്കാർ അവാർഡ്‌സിൽ മികച്ച വിദേശസിനിമയ്ക്കുള്ള നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയ ജാപ്പനീസ് ചിത്രമാണ് ‘ഷോപ്പ്ലിഫ്റ്റേഴ്സ്‘.
ചെറിയ ജോലികൾക്ക് പുറമെ കടകളിൽ നിന്ന് അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി ഉപജീവനം നയിക്കുന്ന ഒരു കുടുംബം.
ദാരിദ്ര്യത്തിനിടയിലും സ്വന്തം ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാൻ ശ്രമിയ്ക്കുന്ന ആ കുടുംബത്തിലേയ്ക്ക് ഒരു ചെറിയ പെൺകുട്ടി കടന്ന് വരുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ചില നിഗൂഢതകളുടെ ചുരുളഴിയ്ക്കുന്നതായിരുന്നു.
2018 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള Palm d”Or പുരസ്‌കാരം കരസ്ഥമാക്കിയ ഈ ചിത്രം ജപ്പാനിലെ അരക്ഷിത ജനവിഭാഗത്തിന്റെ ജീവിതത്തെ തുറന്ന് കാട്ടുന്നതിനോടൊപ്പം ചില സാമൂഹ്യ വ്യവസ്ഥിതികളോട് കലഹിയ്ക്കുകയും ധാർമികമായ ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നു.
സമൂഹം കല്പ്പിച്ചു വെച്ചിട്ടുള്ള കുടുംബ സങ്കൽപ്പങ്ങളെ സ്വീകരിയ്ക്കുകയല്ലാതെ നമുക്ക് ഒരു സ്വയം തിരഞ്ഞെടുപ്പിന് അവസരമുണ്ടാകുമോ? അഥവാ അതിന് കഴിഞ്ഞാൽ തന്നെ സമൂഹത്തിന്റെ നിയന്ത്രണരേഖകളെ മറികടന്ന് എത്ര ദൂരം മുന്നോട്ട് പോകാൻ സാധിക്കും? ഒരു പതിഞ്ഞ താളത്തിൽ വളരെ രസകരമായിത്തന്നെ ഗൗരവമേറിയ സാമൂഹിക വിഷയങ്ങൾ ചർച്ചചെയ്തു പോകുന്ന ചിത്രം പ്രേക്ഷകരെ ഏറെ ചിന്തിപ്പിയ്ക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുമെന്നത് ഉറപ്പാണ്.