എംസോൺ റിലീസ് – 3011
ഭാഷ | ജാപ്പനീസ് |
സംവിധാനം | Mamoru Hosoda |
പരിഭാഷ | സജിത്ത് ടി. എസ്. |
ജോണർ | ആനിമേഷന്, ഡ്രാമ, ഫാമിലി |
ഇത് അവരുടെ കഥയാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തേയും പുഞ്ചിരി കൊണ്ട് നേരിടാൻ പഠിച്ച ഹനയുടെയും മക്കളുടെയും കഥ. അവരുടെ സ്നേഹത്തിന്റെ, സഹനത്തിന്റെ, അതിജീവനത്തിന്റെ കഥ.
ടോക്യോക്ക് പുറത്തുള്ള ഒരു യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ് ഹന. അങ്ങനെ ഒരു ദിവസം തന്റെ ക്ലാസ്സിൽ വെച്ചാണ് അവൾ അവനെ കാണുന്നത്. നീണ്ടു മെലിഞ്ഞ, ആരോടും മിണ്ടാത്ത ഒരു ചെറുപ്പക്കാരൻ. എന്തോ ഒരു ആകർഷണം അവൾക്ക് അവനിൽ ഉണ്ടായി. ആ ആകർഷണം പതിയെ പ്രണയത്തിലേക്ക് വഴുതി വീണു. പ്രണയത്തിൽ ആദ്യം തന്നെ തന്റെ രഹസ്യം അവൾ അറിഞ്ഞിരിക്കണമെന്ന് അവന് തോന്നി. തന്റെ രഹസ്യം അവൻ അവൾക്ക് മുന്നിലായി തുറന്നു. താൻ ഒരു മനുഷ്യനല്ല, മറിച്ച് എപ്പോൾ വേണമെങ്കിലും ചെന്നായ ആയി മാറാനാകുന്ന ഒരു പാതി മനുഷ്യനും പാതി ചെന്നായയുമാണെന്ന രഹസ്യം. എന്നാൽ, അവളാ രഹസ്യത്തിന് മുന്നിൽ പതറിയില്ല. വർഷങ്ങൾക്ക് മുമ്പ് അനാഥയായ അവൾക്ക് അവന്റെ സാമീപ്യം ഒരു വലിയ അനുഗ്രഹമായി.
കുടുംബജീവിതം തുടങ്ങിയ അവർക്ക് 2 വർഷത്തിൽ 2 കുട്ടികളുണ്ടായി. യൂകി എന്ന മോളും അമെ എന്ന മോനും. ഇരുവരും അച്ഛനെപ്പോലെ പാതി മനുഷ്യനും പാതി ചെന്നായയുമാണ്. പതിയെ സന്തോഷത്തിലേക്ക് ചുവടുവെച്ച് തുടങ്ങിയ അവരുടെ ജീവിതത്തിൽ വിധി വില്ലനായി. ഒരു ദിവസം പെട്ടെന്ന് കാണാതായ ഭർത്താവിന്റെ ജീവനില്ലാത്ത ശരീരമാണ് അവൾ പിന്നീട് കണ്ടത്.
ഭർത്താവിന്റെ വിയോഗത്തിലും തളരാൻ അവൾക്കായില്ല. തന്റെ കുട്ടികളെ നന്നായി വളർത്തണം. അതിനായി അവൾ ഒരുപാട് കഷ്ടപ്പെടുകയാണ്. തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
കുട്ടികളെ ഒറ്റക്ക് വളർത്തുന്ന അമ്മമാരുടെ കഷ്ടപ്പാടുകൾ ഈ ചിത്രത്തിലൂടെ പറയുന്നുണ്ട്. മനുഷ്യ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു ചിത്രം കൂടിയാണിത്.
Mamoro Hosoda യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ Feel Good-Family Movie ആയ ഈ ചിത്രം ഒരുപാട് അവാർഡുകളും നേടിയിട്ടുണ്ട്.