എം-സോണ്‍ റിലീസ് – 2209
ഭാഷ | കൊറിയന്‍ |
സംവിധാനം | Kyung-hee Kim |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ഫാന്റസി, ഹൊറർ, ത്രില്ലർ |
ജീവിതത്തിൽ ആക്സിഡന്റ് സംഭവിച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട വെബ്ടൂൺ ആർട്ടിസ്റ്റ്, തന്റെ കൂട്ടുകാരൻ മരിക്കുകയും അതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ഒരു ഡിറ്റക്ടീവ്, ഭൂതകാലത്തിൽ സംഭവിച്ച് പോയതിനെ പഴിച്ച് കഴിയുന്ന മറ്റു കുറേപ്പേർ. ഇതുപോലെ സമൂഹത്തിൽ നാനാതുറകളിൽ ജീവിക്കുന്ന പത്തുപേർക്ക് ഭൂതകാലത്തിൽ പോയി മാറ്റം വരുത്താൻ ഒരു അവസരം നൽകാമെന്ന് പറഞ്ഞു കൊണ്ട് ഒരു ഫോൺ കോൾ വരികയാണ്. അവരോടെല്ലാം ഒരു ക്ലിനിക്കിൽ എത്താൻ ആവശ്യപ്പെടുന്നു. അപകടം സംഭവിച്ച വെബ്ടൂൺ ആർട്ടിസ്റ്റ്, സഹപ്രവർത്തകൻ കൊല്ലപ്പെട്ട ഡിറ്റക്ടീവ്, തുടങ്ങി പത്തുപേർ ആ ക്ലിനിക്കിൽ എത്തുന്നു. അവരെ വിളിച്ച സ്ത്രീ അവർക്ക് കൃത്യം ഒരു വർഷം പിന്നോട്ട് ഭൂതകാലത്തേക്ക് സഞ്ചരിക്കാൻ ആവുമെന്നും ഇത്തവണ അവരുടെ കൂടെ ഈ പത്തുപേർക്ക് കൂടി അവസരം നൽകാമെന്നും പറയുന്നു. ഇക്കാര്യത്തിൽ സംശയത്തോടെ ആണെങ്കിലും അവർ “റീസെറ്റ്” എന്നു വിളിക്കപ്പെട്ട ആ ഭൂതകാല യാത്രക്ക് തയാറാവുകയാണ്. ഭൂതകാലത്തിൽ അവർക്ക് സംഭവിച്ചു പോയ താളപ്പിഴകൾ തിരുത്തുകയും നല്ലജീവിതം നയിക്കുകയും ചെയ്യാമെന്നു കരുതുകയും ചെയ്ത അവരുടെ റീസെറ്റ് അവരെ അതിൽ സഹായിക്കുകയാണോ അതോ ജീവിതം കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്ക് എത്തിക്കുകയാണോ ചെയ്തത് എന്നതാണ് ഈ സീരീസിന്റെ ഇതിവൃത്തം.
വളരെ കൃത്യതയാർന്ന തിരക്കഥയായതു കൊണ്ടുതന്നെ ഓരോ എപ്പിസോഡും അവസാനം വരെ കഥയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. “റീസെറ്റ്” ചെയ്താണ് വന്നത് എന്നു ലോകത്തിന് മുന്നിൽ അറിയിക്കാതെ ഇരിക്കുക എന്ന കഠിനമായ പ്രശ്നവും “റീസെറ്റ്” കൊണ്ടുണ്ടാവുന്ന മറ്റു പ്രശ്നങ്ങളും ഓരോരുത്തരുടെയും മുന്നിലേക്ക് വരികയാണ്. പ്രേക്ഷകനെ ആകാംക്ഷയിൽ പിടിച്ചിരുത്തിക്കൊണ്ട് കഥ മുന്നേറുന്നു. ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ 24 എപ്പിസോഡുകൾ ആണ് ഉള്ളത്. ആദ്യാവസാനം വരെ അത് നിലനിർത്താൻ സീരീസിന് സാധിച്ചിട്ടുണ്ട്.