എം-സോണ്‍ റിലീസ് – 2253
ഭാഷ | കൊറിയൻ |
സംവിധാനം | Yong-hwa Kim |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | ആക്ഷൻ, ഡ്രാമ, ഫാന്റസി |
പ്രീക്വലായ എലോങ് വിത്ത് ദി ഗോഡ്സ് : ദി ടു വേൾഡ്‌സ് നിർത്തിയിടത്തു നിന്നുമാണ് ചിത്രം തുടങ്ങുന്നത്. അഗ്നി ശമന സേനാനി കിം ജാ-ഹോങ്ങിന് പുനർജ്ജന്മം നേടിക്കൊടുത്ത ശേഷം അയാളുടെ അനുജനും സഹപട്ടാളക്കാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് കൊല്ലപ്പെട്ടവനുമായ സെർജെന്റ് കിം സൂ-ഹോങ്ങും ഒരു ശ്രേഷ്ഠാത്മാവാണെന്ന് ക്യാപ്റ്റൻ ഗാങ്-ലിം തന്റെ സഹായികളായ ഹെവോൻമാകിനോടും ലീ ദ്യോക്ക്-ചൂനിനോടും പറയുന്നു. സെർജെന്റ് കിം അന്യായമായി മരണം വരിച്ചതാണെന്നും അതുകൊണ്ട് തന്നെ കിം അവർ പുനർജ്ജന്മം വാങ്ങിക്കൊടുക്കേണ്ട 49മത്തെ ശ്രേഷ്ഠാത്മാവാണെന്നും മനസ്സിലാക്കിയ ക്യാപ്റ്റനും സഹായികളും കിമ്മിന്റെ വിചാരണ എന്ന ആവശ്യവുമായി യോംറ രാജാവിനെ സമീപിക്കുന്നു. എന്നാൽ, ഒരു പ്രതികാര ദാഹിയായ ആത്മാവായി മാറിയിരുന്ന കിം ഒരിക്കലും ഒരു ശ്രേഷ്ഠാത്മാവാകാൻ സാധ്യതയില്ലെന്ന് പറഞ്ഞു യോംറ അവരെ നിരുത്സാഹപ്പെടുത്തുന്നു. കിം അന്യായമായി കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കാമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ തന്റെയും സഹായികളുടെയും സംരക്ഷക പദവി ത്യജിക്കാമെന്നും ക്യാപ്റ്റൻ വാക്ക് നൽകുന്നു. അത് സമ്മതിച്ച യോംറ പക്ഷേ, പുതിയൊരു നിബന്ധന വെക്കുന്നു. ഹുർ ചൂൻ-സാം എന്നൊരു വൃദ്ധന്റെ ആത്മാവിനെ കിമ്മിന്റെ വിചാരണ സമയമായ 49 ദിവസത്തിനുള്ളിൽ പിടിച്ച് പരലോകത്തേക്ക് അയക്കണം. പക്ഷേ, അയാളുടെ മരണത്തെ തടഞ്ഞു നിർത്തുന്ന സുങ്-ജു എന്ന അതിശക്തനായൊരു ഗാർഹിക ദൈവത്തെ ഇല്ലായ്മ ചെയ്താലേ അതിന് സാധിക്കൂ.