എംസോൺ റിലീസ് – 2821
ഭാഷ | കൊറിയൻ |
സംവിധാനം | Seung-wan Ryoo |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
1990 ൽ സൊമാലിയൻ തലസ്ഥാനമായ മൊഗഡിഷുവിൽ ഉണ്ടായ ആഭ്യന്തര യുദ്ധത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഉത്തര-ദക്ഷിണ കൊറിയ പ്രതിനിധികളുടെ സംഭവത്തെ അടിസ്ഥാനമാക്കി 150 കോടി ബഡ്ജറ്റിൽ നിർമിച്ച് 2021 ൽ കൊറിയയിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയമായി മാറിയ ആക്ഷൻ ത്രില്ലർ സിനിമയാണ് എസ്കേപ്പ് ഫ്രം മൊഗഡിഷു. യഥാർത്ഥ സംഭവത്തെ അതിൻ്റെ തനിമ ചോരാതെ ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുടെയും കണ്ണഞ്ചപ്പിക്കുന്ന ക്യാമറ ഷോട്ടുകളുടെയും അകമ്പടിയോടെ കൂടി അവതരിപ്പിച്ച ചിത്രം മികച്ച നിരൂപക പ്രശംസയും പിടിച്ചു പറ്റി.
1980 കളിൽ ഐക്യരാഷ്ട്ര സംഘടന അംഗത്വം ലഭിക്കാനായി ദക്ഷിണ കൊറിയക്ക് പിന്തുണ അത്യാവശ്യമായി വന്നു. യു എന്നിൽ കൂടുതൽ വോട്ടുകളുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ പിന്തുണ ഉറപ്പാക്കാനായി അവർ നയതന്ത്ര പ്രതിനിധികളെ സൊമാലിയയിലേക്ക് അയക്കുന്നു. എന്നാൽ 1990 ൽ ഉണ്ടായ ആഭ്യന്തര കലാപത്തിൽ ഇവർ പെട്ടു പോകുകയും, ഇവർക്കൊപ്പം സ്വന്തം രാജ്യം കയ്യൊഴിഞ്ഞ ഉത്തരകൊറിയക്കാരും കൂടുകയും ചെയ്യുന്നു. ചിരവൈരികളും ശത്രുക്കളുമായ രണ്ട് കൂട്ടർക്കും ഒരുമിച്ച് കലാപത്തെ അതിജീവിക്കാനും രക്ഷപ്പെടാനും കഴിയുമോ? ഇതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
യഥാർത്ഥ സംഭവം സിനിമയാക്കുമ്പോൾ കാണുന്ന സ്ലോ പേസും, ഡ്രാമയും ഒന്നുമില്ലാത്ത ചിത്രം പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കൊണ്ട് ത്രില്ലിംഗ് മൂഡിലാണ് മുന്നോട്ട് പോകുന്നത്. അവിശ്വസനീയമായ ക്യാമറ ഷോട്ടുകളും ക്ലൈമാക്സിലെ അര മണിക്കൂറോളം നീളുന്ന കാർ ചേസ് ആക്ഷൻ രംഗങ്ങളും രണ്ട് മണിക്കൂർ നേരം പ്രേക്ഷകനെ കണ്ണെടുക്കാൻ പറ്റാത്ത രീതിയിൽ പിടിച്ചിരുത്തുന്നു. 300 കോടിയോളം കളക്ഷൻ നേടി 2021 ലെ ടോപ്പ് ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ച ചിത്രം സിനിമാപ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രമാണ്.