എംസോൺ റിലീസ് – 3222
ഭാഷ | കൊറിയൻ |
സംവിധാനം | Choong Hwan Oh |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | ആക്ഷൻ, കോമഡി ഡ്രാമ |
ഐതിഹ്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് മരണം. എന്നാൽ ഇച്ഛാഭംഗത്തോടെ മരിക്കുന്നവർക്ക് മോക്ഷം കിട്ടാറില്ലത്രേ. ആഗ്രഹങ്ങൾ പൂർത്തിയാകാതെ, പരലോകത്തിലേക്ക് കടക്കാനാകാതെ, അവരങ്ങനെ ഭൂമിയിൽ അലഞ്ഞുനടക്കും. അങ്ങനെയുള്ളവർക്ക് ഒരിടത്താവളമാണ് ജാങ് മാൻ വ്യോലിന്റെ ഹോട്ടൽ ഡെൽ ലൂണ. മരിച്ചവർക്ക് ആശ്വാസമാകുന്ന ചന്ദ്രന്റെ അതിഥിമന്ദിരം. അവിടെ എത്തുന്ന ആത്മാക്കൾക്ക് മോഹങ്ങൾ നിറവേറ്റാൻ, ഇച്ഛാഭംഗമില്ലാതെ മടങ്ങാൻ… എല്ലാവിധ സൗകര്യങ്ങളും അവളും പ്രേതങ്ങളായ ജീവനക്കാരും ചേർന്ന് ചെയ്തുകൊടുക്കും.
എന്നാൽ എല്ലാ ജീവനക്കാരും പ്രേതങ്ങളല്ല, ഹോട്ടലിന്റെ മാനേജര്‍ എപ്പോഴും ഒരു മനുഷ്യനായിരിക്കും. ഇഹലോകത്ത് നിലകൊള്ളുന്ന അത്ഭുതഹോട്ടലിന്റെ കരവും രജിസ്ട്രേഷനും നടത്താൻ മനുഷ്യന്‍ തന്നെ വേണമല്ലോ. അങ്ങനെ ആയിരം വർഷത്തിനിടയിൽ പലപല മാനേജർമാർ ഡെൽ ലൂണയിൽ വന്നുപോയി. ഒടുവില്‍ കു ചാൻ സ്യോങിന്റെ ഊഴമെത്തി. പക്ഷേ ഹോട്ടലിന്റെ മാനേജര്‍ എന്നതിനുപരി, അവന് മറ്റൊരു നിയോഗമുണ്ടായിരുന്നു. കർമ്മഫലമായി ചന്ദ്രമരത്തിൽ ആയിരം വർഷം തളയ്ക്കപ്പെട്ട്… നിലച്ച കാലചക്രത്തിൽ ജീവിക്കുന്ന ജാങിന് ശാപമോക്ഷമേകുകയെന്ന ദൗത്യം. സാത്വികനായ ഒരു മർത്ത്യന്റെയും, സുഖഭോഗങ്ങളിൽ കണ്ണ് മഞ്ഞളിച്ച് ജീവിക്കുന്ന അമർത്ത്യയുടെയും പ്രണയകഥ പറയുമ്പോൾ രസകരമായ പല സംഭവങ്ങളും ഉണ്ടായേക്കാമല്ലോ. അതൊക്കെയും ഇതിലുണ്ട്.
ഒപ്പം, അവിടെ വരുന്ന അതിഥികളുടെയും ജീവനക്കാരുടെയും സംഘർഷങ്ങൾ നിറഞ്ഞ മരണാന്തര ജീവിതങ്ങളിലൂടെ, നമ്മുടെയൊക്കെ ജീവിതത്തിന്റെ അർത്ഥത്തിന്റെയും അർത്ഥമില്ലായ്മയുടെയും തലങ്ങൾ ഈ ഡ്രാമ കാട്ടിത്തരുന്നു. അതുകൊണ്ട്… ചിരിക്കുക, ചിന്തിക്കുക, മനനം ചെയ്യുക. ഹോട്ടൽ ഡെൽ ലൂണ തുറക്കുകയായി!