എംസോൺ റിലീസ് – 3301
ഭാഷ | കൊറിയൻ |
സംവിധാനം | Seung-wan Ryu |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ആക്ഷൻ, ഡ്രാമ |
എസ്കേപ്പ് ഫ്രം മൊഗഡിഷു (2021), ദ ബെർലിൻ ഫയൽ (2013), വെറ്ററൻ (2015) തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ റ്യൂ സങ് വാൻ, സിഗ്നൽ (2016), ദ തീവ്സ് (2012) എന്നിവയിലൂടെ പ്രശസ്തയായ നായിക കിം ഹ്യൂ സൂനെ കേന്ദ്രകഥാപാത്രമാക്കി 2023-ൽ പുറത്തിറക്കിയ കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് സ്മഗ്ലേഴ്സ്. 6 സ്ത്രീകഥാപാത്രങ്ങൾ പ്രധാനവേഷത്തിലെത്തിയ ചിത്രം, പുറത്തിറങ്ങി ഒരാഴ്ചക്കകം തന്നെ 2023 ലെ കൊറിയൻ കളക്ഷൻ റിക്കോർഡുകൾ ഭേദിച്ചതിനൊപ്പം, മികച്ച നിരൂപകപ്രശംസയും പിടിച്ചു പറ്റി.
1970 കളിൽ കൊറിയയിലെ ഒരു സാങ്കൽപിക നഗരമായ കുഞ്ചോൺ കേന്ദ്രമാക്കി നടന്ന കള്ളക്കടത്താണ് ചിത്രത്തിൻ്റെ കഥാതന്തു. ആഴക്കടലിൽ മുങ്ങി അപൂർവയിനം മത്സ്യങ്ങളെ പിടിച്ച് വിറ്റായിരുന്നു ഭീകരവ്യാളി എന്ന ബോട്ടിൻ്റെ ക്യാപ്റ്റനും, മകളും മകനും, കൂടെ 5 സ്ത്രീകളും ജീവിതം നയിച്ചിരുന്നത്. എന്നാൽ ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ മത്സ്യസമ്പത്തിനെ നശിപ്പിച്ചതോടെ അവർക്ക് മത്സ്യബന്ധനത്തിൽ നിന്ന് കള്ളക്കടത്തിലേക്ക് തിരിയേണ്ടി വരുന്നു. നികുതി വെട്ടിച്ച് കടത്തുന്ന മദ്യകുപ്പികളും സിഗരറ്റും ആഭരണങ്ങളും ആഴക്കടലിൽ പോയി മുങ്ങിയെടുത്ത് ജീവിക്കാൻ തുടങ്ങുന്ന അവരിലേക്ക് സ്വർണം കടത്താനുള്ള വലിയ ഓഫർ വരുന്നു. തുടർന്ന് അവർക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളും, ആ ജോലി അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.
മുഖ്യകഥാപാത്രങ്ങളായി സ്ത്രീകൾ മാത്രമെത്തുന്ന ചിത്രം കോമഡിക്കും, ആക്ഷനും ഒരുപോലെ പ്രധാന്യം നൽകുന്നു. പതിനഞ്ചു മിനിറ്റോളം നീളുന്ന പൂർണമായും കടലിനടിയിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളുള്ള ക്ലൈമാക്സ് ഇതുവരെ സിനിമാലോകം കണ്ടിട്ടില്ലാത്ത ഒന്നായി മാറി. ക്ലൈമാക്സിനൊപ്പം തന്നെ ചിത്രത്തിലുടനീളം ആഴക്കടലിൻ്റെ മനോഹാരിത ഒപ്പിയെടുക്കുന്നതിൽ സംവിധായകൻ വിജയിച്ചു. ഇതോടൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും ജേജു ദ്വീപിൻ്റെ ഭംഗിയും ചിത്രത്തിൻ്റെ മാറ്റ് കൂട്ടുന്നു.