എംസോൺ റിലീസ് – 3112
ഭാഷ | കൊറിയൻ |
സംവിധാനം | Jae-geun Yoon |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | ആക്ഷൻ, ഫാന്റസി |
ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കൺസെപ്റ്റ് സിനിമയാക്കുകയും, അത് പ്രേഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുന്നിടത്തുമാണ് ആ സിനിമയുടെ വിജയം. അതിനോട് നൂറു ശതമാനം നീതി പുലർത്തിയ സിനിമയാണ് സ്പിരിറ്റ്‌വാക്കർ. റിലീസിന് മുന്നേ ഹോളിവുഡ് റൈറ്റ്സ് വിറ്റുപോയ ആദ്യ കൊറിയൻ ചിത്രമായി ഇതു മാറിയതും അതുകൊണ്ടാണ്. കൺസെപ്റ്റിലും, മേക്കിങ്ങിലും, തിരക്കഥയിലുമെല്ലാം വളരെ മികച്ച രീതിയിൽ തന്നെ ഒട്ടും ബോറടി തോന്നാത്ത വിധത്തിൽ ഒരുക്കിയിരിക്കുന്ന ഒരു കിടിലൻ കൊറിയൻ ഫാന്റസി ആക്ഷൻ ത്രില്ലർ ചിത്രമാണിത്.
ഒരു വാഹനാപകടത്തിനു ശേഷം ബോധം തെളിയുന്ന നായക കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അതിനു ശേഷം ഓർമ്മയെല്ലാം നഷ്ടപ്പെട്ട്, താനാരാണെന്ന് പോലും ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അയാൾ മാറുന്നു. പിന്നീടാണ് അയാളൊരു കാര്യം മനസ്സിലാക്കുന്നത്. കണ്ണാടി നോക്കുമ്പോൾ തന്റെ മുഖത്തിനു പകരം കാണുന്നത് വേറെ ആരുടെയൊക്കെയോ മുഖങ്ങളാണ്. തെളിച്ചു പറഞ്ഞാൽ ഓരോ 12 മണിക്കൂർ കൂടുമ്പോഴും അയാളുടെ ആത്മാവ് വേറെ വേറെ ശരീരങ്ങളിലേക്ക് മാറുന്നു.
ഇതിനിടക്ക് നായകനെ അന്വേഷിച്ച് ഒരോരുത്തരായി എത്തുന്നു. താനാരാണെന്ന് കണ്ടെത്താനും, ആത്മാവ് കൂടുവിട്ട് കൂട് മാറുന്നത്തിന് പിന്നിലുള്ള കാരണവും അന്വേഷിച്ചുള്ള നായകന്റെ ജീവൻ പണയം വെച്ചുള്ള നെട്ടോട്ടമാണ് സ്പിരിറ്റ്‌വാക്കർ.
പുതുമയാർന്ന കൺസെപ്റ്റും, ക്ലൈമാക്സിലെ ആക്ഷൻ സീക്വൻസുകളും തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അതിനാൽ ആക്ഷൻ സിനിമപ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്പിരിറ്റ്‌വാക്കർ.
NB: പുതിയ കൺസെപ്റ്റ് ആയതിനാൽ സിനിമ കാണുമ്പോഴുള്ള സംശയങ്ങൾ രണ്ടാമത് ഒന്നുകൂടി കാണുമ്പോ കൂടുതൽ വ്യക്തമാകും.