എംസോണ്‍ റിലീസ് – 709
ഭാഷ | കൊറിയന്‍ |
സംവിധാനം | Han-min Kim |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
ഗോലിയാത്തിനോട് ഏറ്റുമുട്ടി വിജയിച്ച ദാവീദിന്റെ കഥ പോലെ വെറും 13 പടക്കപ്പലുകൾ കൊണ്ട് മുന്നൂറോളം വരുന്ന ജാപ്പനീസ് പടക്കപ്പലുകളോട് പൊരുതിയ കൊറിയൻ നേവി സൈന്യാധിപൻ യി സുൻ സിനിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പതിനഞ്ചാം നൂറ്റാണ്ടിൽ കൊറിയ ഭരിച്ചിരുന്ന ജോസ്യോൻ സാമ്രാജ്യത്തിന്റെ നേവി സൈന്യാധിപനായിരുന്നു യി സുൻ സിൻ. മ്യോൻഗ്യാങ് യുദ്ധം എന്നറിയപ്പെട്ട 1597ൽ നടന്ന കടൽയുദ്ധത്തിൽ ജപ്പാൻ സാമ്രാജ്യത്വത്തിനെതിരെ പടനയിച്ചത് അദ്ദേഹമായിരുന്നു. ചോയ് മിൻ സികിനെ കേന്ദ്രകഥാപാത്രമാക്കി കിം ഹാൻ മിൻ സംവിധാനം നിർവ്വഹിച്ച ഹിസ്റ്റോറിക് വാർ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി അഡ്മിറൽ: റോറിങ് കറന്റ്സ്. യി സുൻ സിനിന്റെ വീരേതിഹാസത്തെ ആസ്പദമാക്കി ജ്യോൻ ചുൽ ഹോങ്ങും സംവിധായകൻ കിം ഹാൻ മിനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കിം തേ സ്യോങ് ഛായാഗ്രഹണവും കിം ചാങ് ജു എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ക്യാമറാമാൻ കിം തേ സ്യോങ്ങിന്റേത് തന്നെയാണ് പശ്ചാത്തല സംഗീതം.
രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമായി ജോസ്യോൻ സാമ്രാജ്യത്തിന്റെ നേവി പടത്തലവൻ യി സുൻ സിനിനെ ജോസ്യോൻ കോടതി തലസ്ഥാനത്തുനിന്നു പുറത്താക്കി, പടത്തലവനായിരുന്ന അദ്ദേഹത്തിനെ ഒരു സാധാരണ പട്ടാളക്കാരനായി തരംതാഴ്ത്തി, ഭക്ഷണവും മറ്റും നിഷേധിച്ചു ജയിലിലടച്ചു മരണത്തിനരികിലേക്ക് തള്ളിവിട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന വോൻ ഗ്യുനിനെ നേവിയുടെ തലവനായി നിശ്ചയിച്ചു. ഈയവസരം മുതലെടുത്ത ജപ്പാൻ സൈന്യം, ചിൽചോൻര്യങ് യുദ്ധത്തിൽ വോൻ ഗ്യുനിന്റെ നേതൃത്വത്തിലുള്ള കൊറിയൻ സൈന്യത്തെ പരാജയപ്പെടുത്തി. കൊറിയൻ കപ്പൽപ്പടതന്നെ തുടച്ചു നീക്കപ്പെട്ടു, യി സുൻ സിനിന്റെ നേതൃത്വത്തിൽ നൂറ്റിയറുപത്തിലേറെ കപ്പൽവ്യൂഹമുണ്ടായിരുന്ന കൊറിയൻ കപ്പൽപ്പട യുദ്ധ പരാജയത്തിലൂടെ പന്ത്രണ്ടിലേക്ക് ഒതുങ്ങി. വോൻ ഗ്യുൻ കൊല്ലപ്പെട്ടതിന്റെ ഫലമായി യി സുൻ സിൻ കപ്പൽപ്പടയുടെ സൈന്യാധിപനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, വെറും പന്ത്രണ്ടു പടക്കപ്പലുകളും എണ്ണത്തിൽ തുച്ഛമായ പട്ടാളക്കാരെയും കൊണ്ട് യുദ്ധം ജയിക്കാൻ കഴിയില്ലെന്നുറപ്പിച്ച കീഴുദ്യോഗസ്ഥന്മാർ യി സുൻ സിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ അദ്ദേഹം മുന്നോട്ടു പോവുക എന്ന ദൃഢനിശ്ചയത്തിലായിരുന്നു. തന്റെ സൈന്യത്തിന്റെ ചോർന്നുപോയ ധൈര്യം വീണ്ടെടുക്കുക എന്ന വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന് ആദ്യമായി നേരിടേണ്ടി വന്നത്..