എം-സോണ്‍ റിലീസ് – 1809

ഭാഷ | കൊറിയൻ |
സംവിധാനം | You-Jeong Jang |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | കോമഡി |
ഒരു ചരിത്രാധ്യാപകനായിരുന്നു സ്യോക്-ബോങ് ലീ. അയാൾക്ക് താല്പര്യം നിധി വേട്ടയിലായതുകൊണ്ട് തന്നെ കൈയ്യിലുള്ള പണമെല്ലാം അതിനായുള്ള ഉപകരണങ്ങൾ വാങ്ങി തുലച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്റെ കുടുംബത്തിലെ ഒരു സ്വാതന്ത്ര്യ സമരസേനാനി സ്വാതന്ത്ര്യ പോരാട്ടത്തിനിടയ്ക്ക് ഒളിപ്പിച്ചു വെച്ച കോടികൾ വിലമതിക്കുന്ന രണ്ട് സ്വർണ്ണ ബുദ്ധപ്രതിമകൾ കണ്ടെത്തുക എന്നതായിരുന്നു അയാളുടെ ജീവിത ലക്ഷ്യം. അയാളുടെ അനിയനായിരുന്ന ജൂ-ബോങ് ലീയാവട്ടെ ഒരു അന്താരാഷ്ട്ര നിർമ്മാണ കമ്പനിയിൽ ഉദ്യോഗസ്ഥനും. വൻപണച്ചെലവുള്ള ഒരു ഹൈവേ പ്രോജക്ടിന്റെ മേൽനോട്ട അവകാശം നേടിയെടുക്കുകയായിരുന്നു അവന്റെ ലക്ഷ്യം. സഹോദരന്മാർ രണ്ടുപേരുടെയും ബന്ധത്തെക്കുറിച്ച് പറയുകയാണെങ്കിൽ നല്ല ‘അടിപിടി’ ബന്ധമാണ്. അതായത് കീരിയും പാമ്പും കണ്ടതുപോലെ തന്നെ. അതിനിടയ്ക്ക് ആൻഡോങിലെ പ്രമുഖ ലീ കുടുംബത്തിന്റെ രക്ഷാധികാരിയായിരുന്ന ഇരുവരുടെയും അച്ഛൻ മരണപ്പെടുന്നു. അച്ഛന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഇരുവരും സിയോളിൽ നിന്നും അവരുടെ ജന്മനാടായ ആൻഡോങ്ങിലേക്ക് പുറപ്പെടുകയാണ്. വഴിയിൽ വെച്ച് അവർ രോ-ര എന്നുപേരുള്ള ഒരു പെൺകുട്ടിയെ കാറിടിച്ചു വീഴ്ത്തുന്നു. അല്ലെങ്കിൽ ആ കാറപകടത്തിലൂടെയാണ് അവൾ ഇരുവരുടെയും ജീവിതത്തിലേക്ക് വലിഞ്ഞു കയറുന്നത് എന്ന് വേണമെങ്കിൽ പറയാം. വളരെ വിചിത്രമായ സ്വഭാവ സവിശേഷതയുള്ള അവൾക്ക് ഇരുവരുടെയും കുടുംബ രഹസ്യങ്ങൾ മുഴുവൻ അറിയാമായിരുന്നു എന്നതാണ് കഥയിലെ ആകർഷണീയത. അവൾ ശരിക്കും ആരായിരുന്നു..? എന്തായിരുന്നു അവളുടെ ലക്ഷ്യം..?