എം-സോണ്‍ റിലീസ് – 2647
ഭാഷ | കൊറിയൻ |
സംവിധാനം | Joo-hwan Kim |
പരിഭാഷ | ഗോകുൽ എസ് എൻ ചെറുവല്ലൂർ |
ജോണർ | ആക്ഷൻ, ഹൊറർ, ത്രില്ലർ |
മിഡ്നൈറ്റ് റണ്ണേഴ്‌സിന്റെ സംവിധായകനായ ജേസൺ കിം, പാർക്ക് സോ ജൂണിനെ നായകനാക്കി ഒരുക്കിയ ഹൊറർ, ആക്ഷൻ ചിത്രമാണ് ‘ദ ഡിവൈൻ ഫ്യൂറി’
തികഞ്ഞ ദൈവവിശ്വാസി ആയിരുന്നു യോങ് ഹു എന്ന കുഞ്ഞു പയ്യൻ. തന്റെ ജനനത്തോടെ തന്നെ അമ്മ മരിച്ചതിനാൽ അപ്പനായിരുന്നു അവനെല്ലാം. അങ്ങനെയിരിക്കെ ഒരു ദിവസം വിധി അപ്പനെയും അവനിൽ നിന്നകറ്റുന്നു. താൻ മനമുരുകി പ്രാർത്ഥിച്ചിട്ടും അപ്പന്റെ ജീവൻ രക്ഷിക്കാതിരുന്ന ദൈവത്തോട് ആ കുഞ്ഞുമനസ്സിൽ പകയുണ്ടാവുന്നു. തന്റെ പ്രാർത്ഥന ചെവിക്കൊള്ളാതിരുന്ന ദൈവത്തെ അവൻ വെറുക്കുന്നു.
അങ്ങനെ വളർന്നൊരു ബോക്സിങ് ചാമ്പ്യനായ യോങ് ഹുവിന്റെ കയ്യിൽ പെട്ടെന്നൊരു ദിവസം ഒരു മുറിവ് പ്രത്യക്ഷപ്പെടുന്നു. ആശുപത്രിയായ ആശുപത്രികളിലെല്ലാം കേറിയിറങ്ങിയിട്ടും ഒരു ഫലവുമുണ്ടായില്ല. മുറിവ് കാരണം ഉറക്കം നഷ്ടപ്പെട്ട യോങ് അതിന്റെ പിന്നിലെ രഹസ്യം കണ്ടെത്താനായി ഇറങ്ങിത്തിരിക്കുന്നു. ആ യാത്രയിലൂടെ ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു അവന് മനസ്സിലാക്കേണ്ടി വന്നത്. തുടർന്നുള്ള നിമിഷങ്ങളാണ് സിനിമയെ കൂടുതൽ എൻഗേജിങ് ആക്കുന്നത്.
സാത്താൻ സേവയും ബാധയൊഴിപ്പിക്കലും ബ്ലാക്ക് മാജിക്കും പോലെയുള്ള പല കാര്യങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. വ്യത്യസ്തമായ കഥയും ചിത്രത്തിലെ ഡാർക്ക് ആമ്പിയൻസും സാങ്കേതിക മികവും കാണുന്നവരെ പിടിച്ചിരുത്തുമെന്നത് തീർച്ച.