എംസോൺ റിലീസ് – 3052
ഭാഷ | കൊറിയൻ |
സംവിധാനം | Sang-yong Lee |
പരിഭാഷ | തൗഫീക്ക് എ & ഹബീബ് ഏന്തയാർ |
ജോണർ | ആക്ഷൻ ,ക്രൈം |
2017 ൽ പുറത്തിറങ്ങി വൻഹിറ്റായി മാറിയ “ദി ഔട്ട്ലോസ്” എന്ന ഡോൺ ലീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, “ദ റൗണ്ടപ്പ്“. 2022 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രം, മാസങ്ങൾ കൊണ്ട് കൊറിയയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമതെത്തി. ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടിയ ചിത്രം, കോവിഡിന് ശേഷമുള്ള കൊറിയൻ ചലച്ചിത്ര വിപണിയുടെ തിരിച്ചുവരവായിരുന്നു.
കഥ നടക്കുന്നത് 2008 ലാണ്. തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വരുന്ന കൊറിയൻ സഞ്ചാരികളെ കാണാതാവുകയും അവർക്ക് നേരേയുള്ള ആക്രമണങ്ങൾ വർധിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ കൊറിയയിലെ പ്രമുഖ ഗ്യാങ്സ്റ്റർ തലവനായ ചോയ് ചുൻ ബേകിൻ്റെ മകൻ ചോയ് യോങ് ഗി, വിയറ്റ്നാമിൽ റിസോർട്ട് വാങ്ങാൻ എത്തുകയും, കിഡ്നാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തുടർന്ന് മോചനദ്രവ്യമായി പണം ആവശ്യപ്പെടുകയും പണം കിട്ടിയതിന് ശേഷം യോങ് ഗിയെ കൊലപ്പെടുത്തുകയും ചെയ്യുന്നു. കീഴടങ്ങിയ ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ വിയറ്റ്നാമിൽ എത്തുന്ന മാ സോക് ദോ, ഇതന്വേഷിക്കാൻ തുനിഞ്ഞിറങ്ങുകയും ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ പിടിക്കാനായി ഇടിയൻ പോലീസായ സോക് ദോ തുനിഞ്ഞിറങ്ങുന്നതോടെ സിനിമ ട്രാക്കിലേക്ക് കേറുന്നു.
ആദ്യ ഭാഗത്തിലെന്ന പോലെ, കിടിലൻ ആക്ഷൻ സീനുകളും, വയലൻസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് രണ്ടാം ഭാഗവും. ഡോൺ ലീയുടെ കോമഡി ടൈമിംഗും, മാസ് ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കും. മികച്ച നിരൂപകപ്രശംസ അങ്ങോളമിങ്ങോളം പിടിച്ച് പറ്റിയ ചിത്രം, ആദ്യ ഭാഗത്തോട് ചേർത്ത് വെക്കാവുന്ന മനനോഹരമായ ഒരു സീക്വൽ ആണ്.