എംസോൺ റിലീസ് – 2684
ഭാഷ | കൊറിയൻ |
സംവിധാനം | Kyoung-mi Lee |
പരിഭാഷ | ഹബീബ് ഏന്തയാർ, ജിതിൻ. വി, റോഷൻ ഖാലിദ് |
ജോണർ | കോമഡി, ഡ്രാമ, ഫാന്റസി |
പ്രശസ്ത കൊറിയൻ എഴുത്തുകാരി ചുങ് സേറാങിന്റെ ഫാന്റസി, സൂപ്പർ ഹീറോ നോവലായ “School Nurse An Eunyeong”നെ അടിസ്ഥാനമാക്കി 2020 ൽ നെറ്റ്ഫ്ലിക്സ് ഇറക്കിയ 6 എപ്പിസോഡുകൾ മാത്രമുള്ള ഒരു മിനി സീരീസാണ് “ദി സ്കൂൾ നേഴ്സ് ഫയൽസ്”.
മൊങ് ല്യോൺ ഹൈ സ്കൂളിൽ പുതുതായി വന്ന നഴ്സ് അധ്യാപികയാണ് ആൻ ഉൻ യങ്. മനുഷ്യന്റെ ആഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാൽ ഉണ്ടായ രാക്ഷസന്മാരെപ്പോലുള്ള ജെല്ലികളെ കാണാൻ അവൾക്കൊരു പ്രത്യേക കഴിവുണ്ട്, മാത്രമല്ല ഈ ജെല്ലികളെ ഇല്ലാതാക്കാനുള്ള കഴിവുമുണ്ട്. ജെല്ലികളെ നശിപ്പിക്കാൻ വത്തിക്കാൻ ജപമാലയും, ഈജിപ്ഷ്യൻ ആങ്കും, ക്യോട്ടോ പള്ളിയിലെ തകിടും എന്തിന് പ്ലാസ്റ്റിക്ക് വാളും BB തോക്കും അടക്കം സകലജാതി സാധനങ്ങളും കൈയിലുണ്ട്.
സ്കൂളിലെ മിക്ക കുട്ടികളും ചൊറിച്ചിലും അസ്വസ്ഥതയുമായി നേഴ്സിനെ കാണാനെത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. കുട്ടികളുടെ ഈ പെട്ടെന്നുള്ള രോഗത്തിന് കാരണം വൃത്തിയാക്കാതെ കിടക്കുന്ന ബേസ്മെന്റ് ആണെന്ന് മനസ്സിലാക്കുന്നു. എന്നാൽ സ്കൂളിന്റെ സ്ഥാപകന്റെ പേരക്കുട്ടിയായ ചൈനീസ് ഭാഷ അധ്യാപകന്റെ കയ്യിലാണ് ബേസ്മെന്റിന്റെ താക്കോലും. അത് കിട്ടില്ലെന്ന് മനസ്സിലാക്കിയ നേഴ്സ് സ്വയം പൂട്ട് പൊളിക്കുന്നു. ഇതറിഞ്ഞ അധ്യാപകനും പുറകെ പോകുന്നു. അവിടെ കണ്ട ഒരു പ്രത്യേക എഴുത്ത് കൊത്തിവെച്ച കല്ലെടുത്ത് മാറ്റുന്നതോടെ സ്കൂളിൽ നിഗൂഢമായ സംഭവങ്ങൾ അരങ്ങേറുന്നു. കുട്ടികൾ എല്ലാം പെട്ടെന്ന് ഭ്രാന്തന്മാരെ പോലെ പെരുമാറുന്നു. റൂഫിന് മുകളിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. എന്തുപറ്റി ഇവർക്കെല്ലാം? എന്താണിതിനു കാരണം? ഈ നിഗൂഢതയുടെ കാരണം തേടാനും വിദ്യാർഥികളെ ജെല്ലികളിൽ നിന്ന് രക്ഷിക്കാനുമായി നേഴ്സും, ചൈനീസ് അധ്യാപകനും നടത്തുന്ന രസകരമായ ശ്രമങ്ങളാണ് സീരീസ് പറയുന്നത്. പൊട്ടിച്ചിരിച്ചും, അതിശയിച്ചും, അതേ സമയം ചെറിയൊരു ഹൊറർ മൂഡ് കൂടി നൽകുന്ന കിടിലൻ കൊറിയൻ ഫാന്റസി മിനി സീരീസാണ് “സ്കൂൾ നേഴ്സ് ഫയൽസ്”