എംസോൺ റിലീസ് – 3066
ഭാഷ | കൊറിയൻ |
സംവിധാനം | Ui-seok Jo |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | മിസ്റ്ററി, ഡ്രാമ, ത്രില്ലർ |
അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ഡീസന്റ് കൊറിയൻ ഡാർക്ക് ക്രൈം ത്രില്ലർ. ആളുകളുടെ മനസ്സ് വായിക്കാൻ കഴിവുള്ള നായകനായ ജങ്-ഹൊ, തന്റെ കാമുകിയുടെ ആത്മഹത്യക്ക് ശേഷം പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ജങ്-ഹൊയ്ക്ക് കുറച്ച് നാളത്തേക്ക് പത്തു വയസ്സ് പ്രായമുള്ള ഒരു അനാഥപെൺകുട്ടിയുടെ രക്ഷാകർത്താവും ആകേണ്ടി വരുന്നു. ഈ സമയത്താണ് നഗരത്തിൽ ഇതേ പ്രായത്തിലുള്ള പെൺകുട്ടികളെ കൊല്ലുന്ന ഒരു സീരിയൽ കില്ലർ കൊലപാതകങ്ങൾ നടത്തുന്നത്. കുട്ടികളെ യാതൊരു ദേഹോപദ്രവും എൽപ്പിക്കാതെ വെള്ളത്തിൽ മുക്കി കൊല്ലുന്ന സൈക്കോ കില്ലർ. മറ്റൊരു പ്രധാന കഥാപാത്രമായ പോലീസ് ഡിറ്റക്ടീവ് കിം, കില്ലറിന്റെ അടുത്ത ലക്ഷ്യം നിലവിൽ നായക കഥാപാത്രത്തിന്റെ കൂടെ നിൽകുന്ന പെൺകുട്ടിയാണെന്ന് മനസിലാക്കുന്നു. മനസ്സ് വായിക്കാൻ കഴിവുള്ള ജങ്-ഹൊയും, സമർത്ഥനായ ഡിറ്റക്റ്റീവ് കിമ്മും ചേർന്ന് കില്ലറിൽ നിന്നും കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമമാണ് ഈ സിനിമ.
സീരിയൽ കില്ലറുടെയും, നായക കഥാപാത്രത്തിന്റെയും ഫ്ലാഷ്ബാക്കുകൾ പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാകുന്ന രീതിയിൽ അധികം വലിച്ചു നീട്ടാതെ തന്നെ സെക്കന്റുകൾ കൊണ്ട് പറഞ്ഞു തീർക്കുന്നതിൽ സംവിധായാകൻ നൂറു ശതമാനവും വിജയിച്ചിട്ടുണ്ട്. സാധാരണ സീരിയൽ കില്ലിംഗ് സിനിമ പോലെ അധികം വയലൻസോ, ചോരക്കളിയോ ഒന്നും തന്നെ ഇല്ലാതെ, ക്ലൈമാക്സിൽ രണ്ട് മികച്ച ട്വിസ്റ്റുകളോടെ അവസാനിക്കുന്ന 1.45 Hrs മാത്രമുള്ള ഈ ചിത്രം ത്രില്ലർ പ്രേമികൾക്ക് നല്ലൊരു അനുഭവമായിരിക്കും.
NB :രണ്ടാമത്തെ ട്വിസ്റ്റ് അറിഞ്ഞതിനു ശേഷം വീണ്ടുമൊരു വട്ടം കൂടി കണ്ടാൽ, ആദ്യം ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാകും.