Twinkling Watermelon
ട്വിങ്കിളിങ് വാട്ടർമെലൺ (2023)

എംസോൺ റിലീസ് – 3341

Download

6000 Downloads

IMDb

8.9/10

Series

N/A

വിവാ ലാ വിഡാ, ജീവിതം നീണാൾ വാഴട്ടെ.

ജീവിതം തീരാദുരിതങ്ങൾ സമ്മാനിച്ച് കൊണ്ടേയിരുന്നിട്ടും, പല ആകൃതിയിൽ മുറിച്ച തണ്ണിമത്തനുകളുടെ ചിത്രം തന്റെ അവസാന മാസ്റ്റര്‍പീസായി വരച്ച്, ഫ്രിഡ കഹ്ലോ എന്ന ഇറ്റാലിയന്‍ ചിത്രകാരി അതിന്മേൽ കുറിച്ച വാക്കുകളാണിത്.

ട്വിങ്കിളിങ് വാട്ടർമെലൺ അക്ഷരാര്‍ത്ഥത്തില്‍ ഒരു തണ്ണിമത്തൻ തന്നെയാണ്. പുറമേ നിന്ന് നോക്കുമ്പോൾ കാര്യമായ പ്രത്യേകതകളില്ലാത്ത, കട്ടിയുള്ള പുറന്തോടുള്ള… ക്ലേശങ്ങൾ നിറഞ്ഞ, ഒരുകൂട്ടം കൗമാരക്കാരുടെ പച്ചയായ ജീവിതം. എന്നാൽ മുറിച്ച് അകത്തേക്ക് ചെന്നാലോ? ചുവന്ന് മധുരമുള്ള… തിളങ്ങുന്ന അകക്കാമ്പ് നിറഞ്ഞിരിക്കുന്നു. അങ്ങനെ കാഠിന്യമുള്ള പുറന്തോടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജീവിതത്തിന്റെ മധുരം കണ്ടെത്തി, അതിനെ നുകരുന്നവരുടെ കഥയാണിത്. ജീവിതത്തെ പ്രണയിക്കുന്നവരുടെ, അതിനെ മിന്നിക്കുന്നവരുടെ കഥ.

ബധിരരായ മാതാപിതാക്കൾക്ക് ജനിക്കുന്ന കേൾവിശക്തിയുള്ള കുട്ടികളെ CODA എന്നാണ് വിശേഷിപ്പിക്കാറ്. ശബ്ദങ്ങളുടെ ലോകത്തെ മൗനത്തിന്റെ ലോകവുമായി ബന്ധിപ്പിക്കുന്ന… അത്ര ചെറുതല്ലാത്ത ഉത്തരവാദിത്തം ചെറുപ്പത്തിലേ ഏറ്റെടുക്കേണ്ടി വരുന്ന ഇത്തരം കുട്ടികള്‍ക്ക്, പലപ്പോഴും സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിതം ആസ്വദിക്കാൻ കഴിയാതെ വരാറുണ്ട്. അത്തരത്തിലുള്ള ഒരു മടുപ്പിന്റെ പാരമ്യത്തിൽ, ജീവനായി കൊണ്ടുനടന്ന തന്റെ ഗിറ്റാർ തല്ലിത്തകർക്കാൻ തുടങ്ങുകയായിരുന്നു ഹാ യുൻ ഗ്യോൾ. അപ്പോഴാണ് അവനെ അമ്പരപ്പിച്ചുകൊണ്ട് മാനത്ത് രണ്ട് ചന്ദ്രനുദിച്ചത്! ഒപ്പം തെല്ലകലെയായി ഒരു മ്യൂസിക് സ്റ്റോറിന്റെ ലൈറ്റും തെളിഞ്ഞു. പഴയ സംഗീതോപകരണങ്ങള്‍ വിൽക്കുന്ന ആ സ്റ്റോറിൽ തന്റെ ഗിറ്റാറും വിറ്റിട്ട് പുറത്തിറങ്ങുമ്പോൾ അവൻ ഒരിക്കലും കരുതിയതേയില്ല, പുറത്ത് അവനെ കാത്തിരിക്കുന്നത് മറ്റൊരു ലോകമാണെന്ന്! ഹാ യുൻ ഗ്യോളിന്റെ ആ സ്വപ്നതുല്യമായ ട്രിപ്പിനൊപ്പം ഏതാനും മണിക്കൂറുകള്‍ നമുക്കും സഞ്ചരിക്കാം. 1995ലെ വസന്തത്തിൽ, ചെറുപ്പം മിന്നിച്ചവർക്കൊപ്പം ഒരു വാട്ടർമെലൺ ഷുഗർ നുണഞ്ഞുകൊണ്ട്.

വിവാ ലാ വിഡാ!