എംസോൺ റിലീസ് – 3421
ഭാഷ | കൊറിയൻ |
സംവിധാനം | Ryoo Seung-wan |
പരിഭാഷ | അരവിന്ദ് കുമാർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം, ത്രില്ലർ, കോമഡി |
2015 ൽ പുറത്തിറങ്ങിയ വെറ്ററൻ എന്ന കൊറിയൻ ചിത്രത്തിൻ്റെ സീക്വൽ ചിത്രമാണ് 2024 ൽ പുറത്തിറങ്ങിയ “ഐ, ദ് എക്സിക്യൂഷനർ” അഥവാ “വെറ്ററൻ 2“. കൊടിയ തെറ്റുകൾ ചെയ്തിട്ടും ഓരോ സ്വാധീനങ്ങൾ ഉപയോഗിച്ച് നിയമത്തിൻ്റെ പിടിയിൽ നിന്നും അർഹിച്ച ശിക്ഷ ഏറ്റുവാങ്ങാതെ രക്ഷപ്പെടുന്ന കുറ്റക്കാരെ, ഇരകൾ അനുഭവിച്ച അതേ യാതന നൽകി അവർ തെറ്റ് ചെയ്ത അതേയിടത്ത് ദാരുണമായി വക വരുത്തുന്ന വിജിലാൻ്റിയായ സീരിയൽ കില്ലർ നഗരത്തിൽ പ്രത്യക്ഷപ്പെടുന്നു. സോഷ്യൽ മീഡിയ ആ കില്ലറിന് സോൾ നഗരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നവും, അവരുടെ പുരാണങ്ങളിൽ നന്മയെ തിന്മയിൽ നിന്ന് വേർതിരിക്കുന്ന നീതിയുടെ സംരക്ഷകനും ഭാഗ്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകവുമായ ഹെച്ഛി എന്ന സത്വത്തിൻ്റെ പേര് നൽകി ഹീറോയായി കൊണ്ടാടുന്നു. ഹെച്ഛിയെ പിടികൂടുക എന്ന ദൗത്യവുമായി ഓഫീസർ സോ ദോ ച്യോളും തൻ്റെ സംഘവും വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.ഇത്തവണ അവർക്കൊപ്പം പുതിയ പോലീസ് ഓഫീസറായ പാർക്ക് സോൺ വൂവും കൂടെയുണ്ട്.
തുടർന്ന് ത്രില്ലിംഗ് ആയി കഥ പറഞ്ഞ് പോകുന്ന ചിത്രം ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച് നിൽക്കുന്നു.
ഒന്നാം ഭാഗത്തോട് നീതി പുലർത്തുന്ന മികച്ച ഒരു രണ്ടാം ഭാഗം തന്നെയാണ് വെറ്ററൻ, എസ്കേപ്പ് ഫ്രം മൊഗാധിഷു, സ്മഗ്ലേർസ്, തുടങ്ങിയ ചിത്രങ്ങൾ നമുക്ക് മുന്നേ സമ്മാനിച്ച സംവിധായകൻ യു സ്യൂങ്-വൻ നൽകിയിരിക്കുന്നത്.
കൊറിയയിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായ ചിത്രം, കാൻസ് ഫിലിം ഫെസ്റ്റിവലിലും ടൊറോൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായം നേടിയിരുന്നു.ഹ്വാങ് ജ്യോങ്-മിൻ, ജ്യോങ് ഹേ ഇൻ തുടങ്ങിയ മുൻനിര താരങ്ങളുടെ മികച്ച പ്രകടനവും ചിത്രത്തിൽ എടുത്ത് പറയേണ്ടതാണ്.
(NB – ടൈൽ എൻഡിൽ ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്, ചിലപ്പൊ ശ്രദ്ധിക്കാതെ പോയേക്കാം