എം-സോണ് റിലീസ് – 1837
ഭാഷ | മാൻഡരിൻ |
സംവിധാനം | Leste Chen |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ അരങ്ങേറിയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അവയൊക്കെ എന്നെന്നേക്കുമായി മനസ്സിൽ നിന്ന് മായ്ച്ച് സന്തോഷങ്ങളെ വേട്ടയാടുന്ന പ്രതിഭാസത്തിന് ഒരവസാനം കൊണ്ടുവരാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആഗ്രഹിക്കാത്തത്? അതുപോലൊരു കഥാതന്തുവിൽ കൂടി കഥ പറയുകയാണ് 2017ൽ പുറത്തിറങ്ങിയ ചൈനീസ് സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ബാറ്റിൽ ഓഫ് മെമ്മറീസ്. കഥയുടെ പൂർണ്ണമായ ആസ്വാദനത്തിന് തുടർന്നുള്ളവ വായിക്കാതെ തന്നെ കാണാൻ ശ്രമിക്കുക.
വർഷം 2025, ഒരു വ്യക്തിയുടെ തലച്ചോറിന്റെ ഉള്ളിൽ മയങ്ങിക്കിടക്കുന്ന അയാളുടെ ഓർമകളെ വരെ ടെക്‌നോളജി ഉപയോഗിച്ച് മായ്ച്ചു കളയാനും വേണമെങ്കിൽ വീണ്ടെടുക്കാനും കഴിയുന്നത്ര രീതിയിൽ അതിനൂതനമായ സാങ്കേതിക വിദ്യകൾ വികസിച്ച് ലോകം മുമ്പോട്ട് പൊയ്ക്കൊണ്ടിരുന്ന സമയം.
ഇത്തരത്തിൽ ആവശ്യക്കാരുടെ ഓർമ്മകൾ മായ്ച്ചു കളയുന്നതിന് വേണ്ടി ലോകത്തിന്റെ പല കോണുകളിലും മെമ്മറി സെന്ററുകൾ എന്ന പേരിൽ സ്ഥാപനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത എഴുത്തുകാരനായ ‘ജാങ് ഫെങ്’ ചില പ്രശ്നങ്ങൾ അയാളിലുള്ള എല്ലാ ഓർമകളും മായ്ച്ചു കളയാനായി അയാൾ ഒരു മെമ്മറി സെന്ററിനെ സമീപിക്കുന്നു. അയാളുടെ ഇഷ്ടപ്രകാരം അയാൾക്ക് മായ്ച്ചു കളയേണ്ട ഓർമ്മകൾ സെലക്ട് ചെയ്ത് മായ്ച്ചു കളയുന്നു. മായ്ച്ചു കളഞ്ഞ ഓർമ്മകൾ അവിടെ സൂക്ഷിക്കുന്നു. ഇത് വീണ്ടും അക്സസ് ചെയ്യാനായി ഒരു പ്രത്യേക താക്കോലും കമ്പനി അയാളെത്തന്നെ ഏൽപ്പിക്കുന്നു. അയാൾക്ക് വേണമെങ്കിൽ അത് ഉപയോഗിച്ച് ആ ഓർമകളെ വീണ്ടും തന്റെ തലച്ചോറിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യാം. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ ഈ ഓർമ്മകൾ പുനഃസ്ഥാപിക്കേണ്ടതായി വരികയും അങ്ങനെ ചെയ്യുകയും ചെയ്യുന്നു. പുനഃസ്ഥാപിച്ച ഓർമകളുമായി വീട്ടിലെത്തിയ ജാങിനെ, ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. അയാളുടെ ഭൂതകാലത്തിലെ ഓർമകളിൽ ചില അമ്പരപ്പിക്കുന്ന മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അയാൾക്ക് അറിഞ്ഞുകൂടാത്ത പുതിയ കഥാപാത്രങ്ങൾ, പുതിയ സംഭവങ്ങൾ എല്ലാം അവിടെ കടന്ന് കൂടിയിരിക്കുന്നു. മറ്റാരുടെയോ ഓർമ്മകൾ അയാളുടെ ഓർമ്മയിൽ ചേക്കേറിയിരിക്കുന്നു. പിന്നീട് തൻ്റെ ജീവിതം കീഴ്മേൽ മറിയുന്നതാണ് അയാൾ കാണുന്നത്.
ഒരു സയൻസ് ഫിക്ഷൻ എന്നതിലുപരി ഓരോ നിമിഷവും കിളി പറത്തുന്ന ട്വിസ്റ്റുകൾ കൊണ്ടു സമ്പന്നമായ ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ആണ് ചിത്രം. ചിത്രത്തിൻ്റെ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, അഭിനയം എന്നിവ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. നല്ലൊരു ട്വിസ്റ്റോടു കൂടിയ മികച്ച ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്. ആ വർഷത്തെ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ കൂടിയാണ് ചിത്രം.