• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Eat Drink Man Woman / ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)

February 7, 2019 by Shyju S

എം-സോണ്‍ റിലീസ് – 991

MSONE GOLD RELEASE

പോസ്റ്റർ : ശ്രീധർ
ഭാഷമാൻഡരിൻ
സംവിധാനംAng Lee
പരിഭാഷരാജൻ കെ. കെ
ജോണർകോമഡി, ഡ്രാമ, റൊമാൻസ്

7.8/10

Download

ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന്‍ ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്‌ടിച്ച മികച്ചൊരു തായ്‌വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ ‘Father knows best’ എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര ത്രയത്തിലെ വെഡ്ഡിങ്ങ് ബാന്‍ക്വറ്റ്, പുഷിങ്ങ് ഹാന്‍ഡ്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്.മൂന്നുചിത്രങ്ങളും കഥാപരമായി ബന്ധമൊന്നും ഇല്ലെങ്കിലും അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ ചര്‍ച്ചചെയ്യുന്ന കാര്യത്തില്‍ സമാനത പാലിക്കുന്നതിനാലാണ് ഈ ചിത്രങ്ങളെ ഒരു ത്രയമായി കണക്കാക്കുന്നത്. Sihung Lung, Yu-wen Wang, Chien-lien Wu, Kuei-mei Yang തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. Ang Lee, James Schamus, Hui-Ling Wang എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം ഏറെ അന്താരാഷ്‌ട്രനിരൂപക ശ്രദ്ധയും മികച്ച ബോക്സ്ഓഫീസ് വിജയവും കരസ്ഥമാക്കിയിരുന്നു.

ചൈനീസ് വിഭവങ്ങളുടെ പാചകകലയില്‍ അഗ്രഗണ്യനായ ചു എന്ന മധ്യവയസ്കന്റെയും അദ്ദേഹത്തിന്‍റെ മൂന്നു പെണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മൂന്നാമത്തെ മകള്‍ക്ക് നാലുവയസ്സുള്ളപ്പോള്‍ ഭാര്യയെ നഷ്ടപ്പെട്ട ചു പിന്നീട് ഒറ്റയ്ക്കാണ് തന്റെ മക്കളെ വളര്‍ത്തി വലുതാക്കിയത്. ഇവരുടെ ജീവിതങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രം മനുഷ്യമനസ്സുകളുടെ പ്രാഥമികാവശ്യങ്ങളെയും ചോദനകളെയും വിഷയമാക്കുന്നുണ്ട്‌ പലപ്പോഴും. ജീവിതം വളരെ ലളിതമായ ഒന്നാണ്, ഉള്ളകാലത്ത് പരസ്പരം സ്നേഹിച്ചും നല്ല ഭക്ഷണം കഴിച്ചും ജീവിതം ആസ്വദിക്കുക എന്ന ഏറെ ആഴമേറിയ സന്ദേശവും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റക്കുറച്ചിലുകളും മറ്റും രസകരമായിത്തന്നെ ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്, വളരെയേറെ അപ്രതീക്ഷിതമായ, പ്രേക്ഷകനെ ഏറെ രസിപ്പിക്കുന്ന ഒരു ക്ലൈമാക്സും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്നതിനാല്‍ രണ്ടോമൂന്നോ വാക്യങ്ങളില്‍ ചുരുക്കിപ്പറയാവുന്ന ഒരു കഥ ഈ ചിത്രത്തിനുണ്ടോ എന്നത് സംശയമാണ്. എന്നിരുന്നാലും വളരെ മികച്ചൊരു ദൃശ്യാനുഭവമാണ് ഈ ചിത്രം.

മാനുഷികബന്ധങ്ങള്‍ തിരശ്ശീലയില്‍ വരച്ചുകാട്ടുന്നതില്‍ ആങ്ങ് ലീ എന്ന സംവിധായകന്‍ ഇത്രയേറെ കഴിവുള്ള ആളാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. കഥാപാത്രങ്ങളുടെ ഓരോ സൂക്ഷ്മവികാരങ്ങളും പ്രേക്ഷകന് തന്റേതാണെന്ന് തോന്നിപ്പിക്കും വിധം ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓരോ ഫ്രെയിമുകളും ഏറെ മനോഹരമായിരുന്നു.ഭക്ഷണത്തിന്റെ ആഘോഷമാണ് ഈ ചിത്രം.ഭക്ഷണം ആശയവിനിമയത്തിന്റെയും ബന്ധങ്ങളുടെയും പര്യായമായി മാറുന്ന കാഴ്ചയാണ് ഈ ചിത്രം.

എപ്പോഴുമൊന്നും ലഭിക്കാത്ത ഒരു മികവുറ്റ ചലച്ചിത്രാനുഭവം തന്നെയാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാനും, ഓരോ നിമിഷവും ആസ്വദിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന ഒന്ന്. ഓരോ സിനിമാസ്നേഹിയും കണ്ണും മനസ്സും നിറഞ്ഞ് അനുഭവിച്ചറിയേണ്ട ഒരു സുഖാനുഭൂതിയാണ് ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Comedy, Drama, Mandarin, MsoneGold, Romance Tagged: Rajan K K Narkilakkad

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]