എം-സോണ്‍ റിലീസ് – 628
ഭാഷ | നോർവീജിയൻ |
സംവിധാനം | Joachim Trier |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറർ |
മഞ്ഞിൽ പുതച്ചു നിൽക്കുന്ന നോർവേയിലെ വിജനമായ ഒരു പ്രദേശം. പത്തു വയസ്സ് പ്രായമുള്ള തന്റെ മകളെയും കൊണ്ട് അയാൾ വേട്ടയ്ക്കിറങ്ങിയതാണ്. പെട്ടെന്ന് അവർക്ക് മുമ്പിൽ ഒരു മാൻ എവിടെ നിന്നോ വന്ന് ചാടി. അയാൾ തോക്കെടുത്ത് പതിയെ ഉന്നം പിടിച്ചു. പക്ഷെ മാനിനെ അല്ലായിരുന്നു അയാൾക്ക് കൊല്ലേണ്ടത്.. തന്റെ മകളെയായിരുന്നു. പക്ഷെ അയാൾക്കതിന് കഴിഞ്ഞില്ല. മകൾ തെൽമ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ പതിയെ ചിരിക്കാൻ ശ്രമിച്ചു.
വർഷങ്ങൾ കുറെ കഴിഞ്ഞു. തെൽമ ഇപ്പോൾ തന്‍റെ വീട്ടിൽ നിന്നും ഒരുപാട് അകലെയുള്ള ഒരു കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി എത്തിയതാണ്. പക്ഷെ ഒറ്റപ്പെടലിന്റെ അവസാന വാക്കായിരുന്നു അവളുടെ കോളേജിലെ ഓരോ ദിനങ്ങളും. രാത്രി സ്വന്തം മുറിയിലും അവൾക്ക് കൂട്ട് ഏകാന്തത മാത്രം. അതിനിടയ്ക്ക് അപസ്മാരം പോലെയൊരു സംഭവം അവൾ സ്കൂളിൽ നിന്നും ഒരിക്കൽ അനുഭവിച്ചറിഞ്ഞു. അതിനിടയിൽ അവളുടെ മനസ്സിലേക്ക് പതിയെ ഒരു പെൺകുട്ടി കടന്നുവന്നു. അവളോടുള്ള പ്രണയം അവളെ ചില കടുംകൈകൾ ചെയ്യാൻ പ്രേരിപ്പിച്ചു. തന്റെ ഉള്ളിൽ നിലകൊള്ളുന്ന അമാനുഷികമായ കഴിവുകൾ ഓരോന്നായി അവൾ ഇതുവരെ അറിഞ്ഞതിനെക്കാൾ കൂടുതലായി തിരിച്ചറിയാൻ തുടങ്ങി. ഒപ്പം പ്രശ്നങ്ങളും ആരംഭിച്ചു.
ഫാന്റസി എന്ന പുറംചട്ടയണിഞ്ഞുകൊണ്ട് നമ്മെ സമർത്ഥമായി കബളിപ്പിക്കുന്നൊരു സിനിമയാണിത്.ഹൊറർ അംശങ്ങൾ കലർന്ന ഒന്നാന്തരമൊരു മിസ്റ്ററി ത്രില്ലർ.2018 ലെ ഓസ്കറിൽ മികച്ച ഫോറിൻ ലാംഗ്വേജ് ചിത്രത്തിനായുള്ള നോർവീജിയൻ എൻട്രി കൂടെയാണീ ചിത്രം..