എം-സോണ് റിലീസ് – 940
പെൺസിനിമകൾ – 14

ഭാഷ | ഉറുദു, നോർവീജിയൻ |
സംവിധാനം | Iram Haq |
പരിഭാഷ | സുനിൽ നടക്കൽ |
ജോണർ | ഡ്രാമ |
ഒരേ സമയം രണ്ടു തരം സംസ്കാരത്തെയും പിൻ തുടരുക എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് പ്രത്യേകിച്ചും ഒരു പതിനാറു കാരിയെ സംബന്ധിച്ചിടത്തോളം ജനിച്ചു വളർന്ന ചുറ്റുപാടുകൾ പഠിപ്പിച്ചതും അവളുടെ മനസ്സ് പിൻ തുടരാൻ ആഗ്രഹിക്കുന്നതുമായ ഒരു ജീവിത സംസ്കാരം മാതാ പിതാക്കളും ബന്ധുക്കളും ചേർന്ന് അവളിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുന്ന പൈതൃക സംസ്കാരം മറ്റൊന്ന് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങൾ പിന്തുടർന്നു പോന്ന ജീവിത ശൈലിയും സംസ്കാരവും മക്കളിലേക്ക് പകർന്നു നൽകണം എന്നാഗ്രഹം സ്വാഭാവികമാണ്. അതിന്റെ കൂടെ തങ്ങളുടെ ചുറ്റുമുള്ള സമൂഹം അവരുടെ ജീവിതത്തെ എങ്ങിനെ വിലയിരുത്തുന്നു എന്നതും ചിന്താവിഷയമാണ്.
നോർവേയിൽ ജനിച്ചു വളർന്ന 16 കാരിയാണ് നിഷ, പാക്കിസ്ഥാനിൽ നിന്ന് കുടിയേറി പാർത്തവരായിരുന്നു അവളുടെ മാതാപിതാക്കൾ. ഒരു സാധാരണ നോർവീജിയൻ കൗമാരക്കാരിയുടേത് ആയിരുന്നു സുഹൃത്തുക്കളുടെ കൂടെ പുറത്തുള്ള അവളുടെ ജീവിതം അതേ സമയം വീടിനകത്ത് അവൾ തികഞ്ഞ അച്ചടക്കമുള്ള പാക്കിസ്ഥാൻ സംസ്കാരം പേറുന്ന മകൾ ആയി അഭിനയിച്ചു പോന്നു.
ഒരു ദിവസം അവളുടെ കൗമാരക്കാരനായ കാമുകനെ അവളുടെ അച്ഛൻ മിർസ കയ്യോടെ പിടിക്കുന്നു. കാമുകനെ കല്യാണം കഴിക്കാൻ മാതാപിതാക്കൾ അവളെ നിർബന്ധിക്കുന്നു. അവൾ അത് നിരാകരിക്കുന്നു അതോടെ അവൾ അവളുടെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും അനഭിമതയാകുന്നു.
പൈതൃക സംസ്കാരവും പാരമ്പര്യ ജീവിതരീതികളും പഠിപ്പിക്കാൻ അച്ഛൻ അവളെ പാക്കിസ്ഥാനിലെ അമ്മായിയുടെ അടുക്കൽ നട തള്ളുന്നു. അത് വരെ പിൻ തുടർന്ന് പോന്ന സാഹചര്യങ്ങളിൽ നിന്ന് പെട്ടെന്നുണ്ടായ മാറ്റം ആ കൗമാരക്കാരിയിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. അതിൽ നിന്ന് മെല്ലെ കര കയറിയ അവൾ അമ്മായിയുടെ മകനുമായി അടുപ്പത്തിൽ ആകുന്നു. പക്ഷേ ജീവിതം അവിടെയും അവളെ തിരിഞ്ഞു കുത്തുകയായിരുന്നു…
മാതാ പിതാക്കളും കുട്ടികളും ജനിച്ചു വളർന്ന സാംസ്കാരിക വിത്യാസങ്ങൾ ഒരു കുടുംബ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നാണ് ചിത്രം ചർച്ച ചെയ്യുന്നത് ഏതൊരു പിതാവിനെയും പോലെ തന്റെ മകളും തങ്ങളുടെ സാമുദായിക, സംസ്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കണം എന്നേ ആ പിതാവും ആഗ്രഹിച്ചിരുന്നുള്ളൂ.
ഒരു നോർവീജിയൻ – പാക് സിനിമ ആണെങ്കിലും ചിത്രത്തിന്റെ ഭാഷ 80% ഹിന്ദി ആണ് സംവിധായിക Iram Haq ന്റെ ജീവിതാനുഭവങ്ങൾ ആണ് സിനിമയുടെ മൂല കഥക്ക് ആധാരം. നോർവേയിലെ തണുത്തുറഞ്ഞ അന്തരീക്ഷവും പാക്കിസ്ഥാനിലെ വരണ്ട ചുറ്റുപാടുകളും ചേർന്ന് കാഴ്ച്ച വെക്കുന്ന ഇരുളും വെളിച്ചവും നിറഞ്ഞ സ്വാഭാവിക കാഴ്ചകൾ സമ്മാനിക്കുന്ന ക്യാമറ എടുത്തു പറയേണ്ടതാണ്. പ്രധാന കഥാപാത്രമായ നിഷയെ അവതരിപ്പിച്ച maria mozhdah ഒരു തുടക്കക്കാരിയുടെ പാതർച്ച ഇല്ലാതെ തന്റെ കഥാപാത്രത്തെ മിഴിവുറ്റതാക്കി. പിതാവായ മിർസ ആയി എത്തിയ Adil Hussain പതിവ് പോലെ തന്റെ കഥാപാത്രത്തെ മനോഹരമാക്കി.
ജനറേഷൻ ഗ്യാപ്പും രക്ഷിതാക്കൾക്ക് സ്വന്തം കുട്ടികളുടെ ജീവിതത്തോടുള്ള ആകുലതകളും പാശ്ചാത്യ സംസ്കാരത്തിൽ വളർന്ന കൗമാരത്തിന്റെ ചിന്താഗതിയും എടുത്തു ചാട്ടവും തമ്മിലുള്ള സംഘർഷങ്ങളും മനോഹരമായി സന്നിവേശിച്ച തിരക്കഥയും മികച്ച സംവിധാനവും എല്ലാം കൂടി ചേരുമ്പോൾ ഒരു മികച്ച ചല ചിത്രാനുഭവമാണ് ഈ സിനിമ സമ്മാനിക്കുന്നത്.