എംസോൺ റിലീസ് – 2850
ഇറാനിയൻ ഫെസ്റ്റ് – 02

ഭാഷ | പേർഷ്യൻ |
സംവിധാനം | Abbas Kiarostami |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | ബയോഗ്രഫി, ക്രൈം, ഡ്രാമ |
വിവാഹമോചിതനും, തൊഴിൽരഹിതനുമായ ഹൊസെയ്ൻ സബ്‌സിയാൻ, ഒരു കടുത്ത സിനിമാ പ്രേമിയാണ്. ഒരു ബസ് യാത്രയ്ക്കിടയിൽ വൃദ്ധയായ ഒരു സ്ത്രീ, പ്രശസ്ത സംവിധായകനായ മൊഹ്സിൻ മഖ്മൽബഫ് ആണെന്ന് തെറ്റിദ്ധരിച്ച് സബ്‌സിയാനെ പരിചയപ്പെടുന്നു. മഖ്മൽബഫിൻ്റെ ആരാധകനായ, അദ്ദേഹത്തിൻ്റെ ഛായയുള്ള സബ്‌സിയാൻ, ആ ധാരണയ്ക്കനുസരിച്ച് സ്വാഭാവികമായി തന്നെ പെരുമാറുന്നു. വൃദ്ധയുടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന സബ്‌സിയാൻ, തൻ്റെ അടുത്ത സിനിമയുടെ ലൊക്കേഷനായി അവരുടെ വീടിനെ തിരഞ്ഞെടുക്കുന്നു. കൂടാതെ, അവരുടെ മകനെ നായകനായി അവതരിപ്പിക്കാമെന്നും വാക്കു കൊടുക്കുന്നു. പിറ്റേദിവസവും, അതേവേഷത്തിൽ അവിടെയെത്തുന്ന സബ്‌സിയാൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ, അയാളെ പോലീസിലേൽപ്പിക്കുന്നു. ആൾമാറാട്ടവും, വഞ്ചനാശ്രമവും ചുമത്തി പോലീസ് അയാളെ ജയിലിലാക്കുന്നു. പിന്നീട് നടക്കുന്ന കോടതി വിചാരണയും, മറ്റ് സംഭവ വികാസങ്ങളുമാണ് 1990 ൽ വിഖ്യാത ഇറാനിയൻ സംവിധായകൻ അബ്ബാസ് കിറോസ്തമിയുടേതായി പുറത്തു വന്ന ക്ലോസ് അപ്പ് എന്ന ചിത്രത്തിൻ്റെ പ്രമേയം.
എൺപതുകളുടെ അവസാനത്തിൽ, ടെഹ്റാനിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഇതിലെ അഭിനേതാക്കളെല്ലാം തന്നെ അവരവരുടെ യഥാർത്ഥ വേഷത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയോടുള്ള അടങ്ങാത്ത പ്രണയവും, ദാരിദ്യവും, മനുഷ്യർ തമ്മിലുള്ള തീക്ഷ്ണവും ആർദ്രവുമായുള്ള സ്നേഹബന്ധങ്ങളും ചർച്ച ചെയ്യുന്ന ചിത്രം, ലോക സിനിമയിലെ ഒരു മാസ്റ്റർപീസ് എന്നു തന്നെ പറയാം. അബ്ബാസ് കിറോസ്തമിയെന്ന സംവിധായകനെയും, അതുവഴി ഇറാനിയൻ ചിത്രങ്ങളെയും അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടിയ ചിത്രമായി ക്ലോസ് അപ്പ് ഗണിക്കപ്പെടുന്നു. 2012 ൽ Sight &Sound മാസിക നടത്തിയ തിരഞ്ഞെടുപ്പിൽ, എക്കാലത്തെയും മികച്ച 50 ചിത്രങ്ങളിൽ ഒന്നായി ക്ലോസ് അപ്പിനെ തിരഞ്ഞെടുക്കുകയുണ്ടായി.