Mum’s Guest
മംമ്സ് ഗസ്റ്റ് (2004)

എംസോൺ റിലീസ് – 2857

Download

2099 Downloads

IMDb

7.1/10

Movie

N/A

ഇറാനിയൻ സിനിമയെന്ന് കേൾക്കുമ്പോൾ ചിലരുടെ മനസ്സിൽ വിടരുന്നത് കുറെ ദൈന്യതയുടെ ചിത്രങ്ങളായിരിക്കാം. കഥാപാത്രങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ട് വശം കെട്ടവർക്ക് തത്കാലം വിശ്രമിക്കാം. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ മംമ്സ് ഗസ്റ്റ് എന്ന ഇറാനിയൻ ചിത്രമാണ് നിങ്ങൾക്കായി ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്.

എഫത്തിന്റെ വീട്ടിലേക്ക് അവരുടെ ബന്ധുകൂടിയായ നവദമ്പതികൾ വിരുന്നിന് എത്തുന്നതും അവരെ സത്കരിക്കുന്നതുമാണ് കഥാപശ്ചാത്തലം. തേയിലയും പഞ്ചസാരയും പോലും ഇല്ലാതിരുന്നിടത്ത് നിന്നും അതിഗംഭീരമായ വിരുന്നുസത്കാരമൊരുക്കാൻ എഫത്തിന് കഴിയുമോ? എങ്കിൽ എങ്ങനെ? എഫത്തിന് ഇതൊരു അഭിമാന പ്രശ്നം കൂടിയാണ്.

ഈ സിനിമയിൽ എടുത്തുപറയേണ്ടത് കഥാപാത്രങ്ങളെയാണ്. വെറുതെ ആരും വന്നുംപോയുമില്ല. എന്തിനേറെ കുളത്തിൽ കിടക്കുന്ന ഗോൾഡ് ഫിഷിന് പോലും പ്രത്യേക റോളുണ്ടായിരുന്നു! എഫത്ത്, സിനിമാകമ്പക്കാരനായ ഭർത്താവ്, അവരുടെ മക്കൾ, അയൽക്കാരായ മയക്കുമരുന്നിന് അടിമയായ യൂസുഫ്, അവന്റെ സ്നേഹനിധിയായ ഗർഭിണിയായ ഭാര്യ, രണ്ടാം വർഷ ഫാർമസി കോഴ്സ് പഠിക്കുന്ന “ഡോക്ടർ”, തന്റെ കോഴികളെ സ്വന്തം ജീവനോളം സ്നേഹിക്കുന്ന ഉമ്മൂമ്മ… അങ്ങനെ എല്ലാവരും തകർത്താടിയ ഒരു കോമഡി ഫീൽഗുഡ് സിനിമയാണ് മംമ്സ് ഗസ്റ്റ്.

നർമ്മനിമിഷങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും ചില നേരങ്ങളിൽ പ്രേക്ഷകരുടെ കണ്ണുകൾ ഈറനണിയുന്നുമുണ്ട്. ഭക്ഷണത്തിനായി കോഴിയെ അന്വേഷിച്ച് ഉമ്മൂമ്മയുടെ വീട്ടിൽ എത്തുന്ന യൂസുഫിന്റെ ഭാര്യയോട് അവർ പറയുന്നുണ്ട്, ആരോരുമില്ലാത്ത എനിക്ക് ആകെയുള്ളത് ഈ കോഴികൾ മാത്രമാണ്. അവൾക്ക് കൊടുക്കാനായി ഓരോ കൂടുകൾ തുറന്ന് കോഴിയെ പരിചയപ്പെടുത്തുമ്പോൾ ആ കോഴി മറ്റുള്ള കോഴികൾക്ക് ആഹാരം ബാക്കിവെക്കാതെ എല്ലാം ഒറ്റയ്ക്ക് തിന്നുകൊഴുത്തിരിക്കുകയാണ് അതുകൊണ്ട് അതിനെ കൊല്ലാമെന്ന് പറയുന്നു. പിന്നീട് മനസ്സ് മാറുന്നു. അങ്ങനെ ഓരോ കോഴികളുടെയും കുറ്റം പറഞ്ഞ് കഴുത്തിൽ കത്തിവെക്കുമ്പോൾ പിടയുന്നത് പ്രേക്ഷകരുടെ ഇടനെഞ്ചുകൂടിയാണ്.

വ്യത്യസ്തങ്ങളായ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ പര്യാപ്തമായതാണ് മംമ്സ് ഗസ്റ്റ്

Awards: 22-മത് ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രം.

എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ സഹായത്തിനെത്തും.
– പൗലോ കൊയ്ലോ