• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Where is the Friend’s Home / വേർ ഈസ് ദി ഫ്രണ്ട്‌സ് ഹോം (1987)

July 5, 2016 by Shyju S

എം-സോണ്‍ റിലീസ് – 295

പോസ്റ്റർ : ഷൈജു എസ്
ഭാഷപേർഷ്യൻ
സംവിധാനംAbbas Kiarostami
പരിഭാഷവെള്ളെഴുത്ത്
ജോണർഡ്രാമ, ഫാമിലി

8.1/10

Download

14 വയസ്സിനു മുൻപ് ഒരാൾ കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിലാണ് അബ്ബാസ് കിയറോസ്താമിയുടെ ‘ എവിടെയാണ് എന്റെ സുഹൃത്തിന്റെ വീട്?’ നിരൂപകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാനു പുറത്ത് കിയറോസ്താമിയുടെ പ്രശസ്തി എത്തിച്ച ചലച്ചിത്രമാണത്. 1987-ലെ ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ട്. പിന്നീട് വന്ന ‘ജീവിതം തുടരുകയാണ്’ ( ‘ലൈഫ് ആൻഡ് നതിംഗ് മോർ’ എന്ന സിനിമയ്ക്ക് അങ്ങനെയും ഒരു പേരുണ്ട്) ‘ഒലീവു മരങ്ങൾക്കിടയിലൂടെ’ എന്നീ രണ്ടു ചലച്ചിത്രങ്ങളെയുംകൂട്ടിച്ചേർത്ത് കോക്കർ ത്രിതയം എന്നാണ് വിളിക്കുന്നത്. തെക്കൻ ഇറാനിലെ ഗ്രാമപ്രദേശമായ കോക്കർ ഈ സിനിമകളിൽ സ്ഥലപശ്ചാത്തലമായി വരുന്നു.

അഹമ്മദ്പൂർ എന്ന കോക്കർ നിവാസിയായ സ്കൂൾകുട്ടി, അവന്റെ മൊഹമ്മദ് റെസാ നെമാത് സാദേ എന്ന സഹപാഠിയുടെ വീടന്വേഷിച്ച് പോഷ്തേയിലേക്കു പോകുന്നതാണ് സിനിമയിലെ പ്രമേയം. ഗൃഹപാഠം ചെയ്യാതെ വന്നാൽ സ്കൂളിൽനിന്ന് നെമാത് സാദേയെ പുറത്താക്കുമെന്ന് അദ്ധ്യാപകൻ തലേ ദിവസം പറഞ്ഞിരുന്നു. രണ്ടും കൺറ്റാൽ ഒരുപോലെയിരിക്കുന്നതുകൊണ്ട്, മൊഹമ്മദ് റെസായുടെ പുസ്തകം അഹമ്മദ്പൂർ വീട്ടിൽ എടുത്തുകൊണ്ടു വന്നു. തന്റെ തെറ്റിനു കൂട്ടുകാരൻ സ്കൂളിൽനിന്നു പുറത്താകുമെന്ന അഹമ്മദ്പൂർ എന്ന കുട്ടിയുടെ പേടിയും കുറ്റബോധവുമാണ് സിനിമയിലെ അന്തർദ്ധാര.

മൂന്നു തലമുറയെ അതിവിദഗ്ദ്ധമായി സംവിധായകൻ ചലച്ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. ഭൂതകാലത്തിന്റെ മഹത്വത്തിൽ വിശ്വസിക്കുന്ന വൃദ്ധരായ ആളുകളാണ് ഒന്നാമത്തെ വിഭാഗം. അച്ചടക്കം, അനുസരണ, കൈത്തൊഴിലുകളിലുള്ള വൈദഗ്ദ്ധ്യം, ആചാരമര്യാദകൾ എന്നിവയിലെല്ലാം കർശന നിലപാടുകൾ വേണം എന്ന ആഗ്രഹമുള്ള അവർ പുതുതലമുറയുടെ ഉദാസീനതകളിൽ ആശങ്കാകുലരാണ്. അഹമ്മദിന്റെ ഉപ്പുപ്പാ കടത്തിണ്ണയിലിരുന്ന് ചോദ്യം ചെയ്യാതെ അനുസരിക്കുന്നതിന്റെ മഹത്വത്തെ ഉദ്ഘോഷിക്കുന്നുണ്ട്. അഹമ്മദിനു വഴികാണിക്കുന്ന വൃദ്ധൻ തന്റെ പഴയ മരവാതിലുകളുടെ ഉറപ്പിനെയും ഭംഗിയെയും പറ്റി വാചാലനാകുന്നു. അവന്റെ വീട്ടിലെ ഉമ്മുമ്മ ചെരിപ്പഴിച്ചിട്ട് മുകളിൽ കയറേണ്ടതിനെപ്പറ്റി സംസാരിക്കുകമാത്രമല്ല, അതെങ്ങനെ വേണമെന്ന് കാണിച്ചുകൊടുക്കുകയും.

രണ്ടാം വിഭാഗം സ്വന്തം പണിയിലും ജീവിത സാഹചര്യങ്ങളിലും മുഴുകിയ യുവാക്കളും മദ്ധ്യവയസ്കരുമാണ്. ജീവിതപ്രാരാബ്ധങ്ങളുടെ നടുവിലാണ് കുടുംബസ്ഥരായ ഇവർ. സ്വാഭാവികമായും മറ്റൊന്നിനും ചെവികൊടുക്കാൻ ഇവർക്ക് സമയമില്ല. അഹമ്മദിന്റെ ഉമ്മയും വാപ്പയും കടയ്ക്കു സമീപം കാണുന്ന പണിക്കാരും സ്കൂളിലെ അദ്ധ്യാപകനുമൊക്കെ ഉദാഹരണങ്ങളാണ്. ഇവർക്കിടയിൽപ്പെട്ടുപോകുന്ന കുട്ടികളാണ് സിനിമയുടെ കേന്ദ്രമായ മൂന്നാം വിഭാഗം. സിനിമ, ആശയവിനിമയം എന്ന സംഗതിയെ ഗൗരവമായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. കുട്ടി പറയുന്നതല്ല, മറ്റുള്ളവർ കേൾക്കുന്നത്, മാത്രമല്ല പലപ്പോഴും ഒരേ വാക്യം നിരന്തരമായി ആവർത്തിക്കേണ്ടി വരുന്നതും കാണാം. സ്കൂളിലും വീട്ടിലും തെരുവിലും അനാഥമായ ചോദ്യങ്ങളും പരാമർശങ്ങളും അന്വേഷണങ്ങളും ഏറ്റുവാങ്ങാൻ ആളില്ലാതെ ചിതറുന്നു. സ്കൂള് – വീട് എന്നീ സ്ഥലരാശികൾക്കിടയിൽ ആളുകൾ അനുഭവിക്കുന്ന അരക്ഷിതത്വത്തെയും വേവലാതികളെയും ഒപ്പിയെടുത്തുകൊണ്ടാണ് ഋജുവായൊരു കഥാഗതിയുള്ള ഈ ചലച്ചിത്രം ഒരു അനുഭവമായി തീരുന്നത്.

ഇറാനിലെ കുട്ടികളുടെയും കൗമാരക്കാരുടെയും ബൗദ്ധിക വികാസത്തിനായുള്ള സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ഈ സിനിമയിലെ പല ദൃശ്യങ്ങൾക്കും കിയോസ്താമി മുൻപ് നിർമ്മിച്ച ഹ്രസ്വചിത്രങ്ങളിലെ രംഗങ്ങളുമായി ബന്ധമുണ്ട്. കിയോസ്താമിയുടെ ആദ്യചിത്രമായ ‘ ആഹാരവും ഇടനാഴിയും’ എന്ന സിനിമയിൽ കുട്ടിയെ പിന്തുടരുന്ന പട്ടി ഇവിടെയും അഹമ്മദ്പൂറിനെ കുരച്ചു പേടിപ്പിക്കുന്നുണ്ട്. വഴി കടക്കാൻ വൃദ്ധനായ ഒരു മനുഷ്യന്റെ സഹായം ഇതിലും കുട്ടി കഥാപാത്രത്തിനു കിട്ടുന്നുണ്ട്. ‘ഒരു പ്രശ്നത്തിനുള്ള രണ്ടു പരിഹാരങ്ങൾ’ എന്ന ലഘു സിനിമയിലെ ക്ലാസ് റൂം പ്രശ്നപരിഹാരത്തിന്റെ മറ്റൊരു വശം ഇവിടെയും ഉണ്ട്. ദൃശ്യങ്ങളുടെ വ്യാഖ്യാനത്തിന് അനുകൂലമായ സഹായങ്ങൾ മുൻപുള്ള ചിത്രങ്ങൾ നൽകുന്നു എന്നു ചുരുക്കം. ‘എവിടെയാണ് എന്റെ സുഹൃത്തിന്റെ വീട്’ എന്ന ശീർഷകം ഇറാനി കവിതയിലെ ഒരു വരിയാണ്. അതിന്റെ രചയിതാവായ സൊഹ്‌റാബ് സെപെഹ്രിയ്ക്കാണ് കിയോസ്താമി ഈ ചലച്ചിത്രം സമർപ്പിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, Family, Persian Tagged: Vellezhuthu

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]