Afterimage
ആഫ്റ്റര്‍ ഇമേജ് (2016)

എംസോൺ റിലീസ് – 641

നിലപാടുകളുടെ പേരില്‍ ഒരു കലാകാരന് അവന്റെ സര്‍ഗചേതനകള്‍ ആവിഷ്‌കരിക്കുന്നതിന് ഭ്രഷ്ട്കല്‍പിക്കുന്ന ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമാണ് ആന്ദ്രേ വൈദയുടെ ആഫ്റ്റര്‍ ഇമേജ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കൈയും കാലും നഷ്ടമായ വ്ളാഡിസോവ് സ്ട്രെസിമിന്‍സ്‌കി എന്ന രാജ്യം അറിയപ്പെടുന്ന ഒരു ചിത്രകാരന്റെ ജീവിതം ആസ്പദമാക്കിയെടുത്തതാണ് ഈ സിനിമ.

രാജ്യതാത്പര്യത്തിനായി എന്ന വ്യാഖ്യാനത്തില്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി എന്ന ഒറ്റ കാരണം കൊണ്ട് ഭരണകൂടുത്തിന്റെ ഇരയായി മാറുന്നത് വൈദ സിനിമയില്‍ വരച്ചിടുന്നു. 1949 കാലത്ത് സ്ട്രെസിമിന്‍സ്‌കി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുന്നത് മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ തുടര്‍ന്നുള്ള നിസ്സഹായതകളും ഒറ്റപ്പെടുത്തലുകളും ഭ്രഷ്ടുമാണ് സിനിമയ്ക്ക് വിഷയമാക്കിയിരിക്കുന്നത്.

എല്ലാ അര്‍ഥത്തിലും രാജ്യം കണ്ട ഒരു വലിയ കലാകാരന്റെ സ്മാരകമായി നില്‍ക്കുന്നു ചിത്രം. സ്റ്റാലിനിസ്റ്റ് രീതികളോട് സംഘബലമില്ലാതെ ഒറ്റയ്ക്കുള്ള ഒരു ചിത്രകാരന്റെ പോരാട്ടമായും സിനിമ വേറിട്ടുനില്‍ക്കുന്നു. വര നിഷേധിക്കപ്പെട്ട് ജീവിക്കാന്‍ നിര്‍വാഹമില്ലാതെ അലയേണ്ടി വരുന്ന കഥാനായകനെ കൊണ്ട് ഭരണകൂടം ജയം പ്രഖ്യാപിക്കുമ്പോള്‍ നീലപൂക്കള്‍ സമര്‍പ്പിച്ച് നായകന്‍ യാത്രയാകുന്നു.