Dovlatov
ദോവ്ലതോവ് (2018)
എംസോൺ റിലീസ് – 1056
ഭാഷ: | റഷ്യൻ |
സംവിധാനം: | Aleksey German Jr. |
പരിഭാഷ: | വെള്ളെഴുത്ത് |
ജോണർ: | ബയോപിക്ക്, ഡ്രാമ |
കുട്ടിക്കാലംമുതൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുകയും കുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ ക്യാമ്പിൽ പാറാവുകാരനായി എത്തിപ്പെടുകയും ചെയ്ത സെർജി ദോവ്ലതോവിന്റെ ജീവിതത്തിലെ കുറച്ചു ദിവസങ്ങൾ അവതരിപ്പിക്കുന്ന സിനിമയാണ് ദോവ്ലതോവ്. 1971 -ലെ ലെനിൻഗ്രാഡാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. അയാളുടെ മാതാവ് അർമീനിയക്കാരിയും പിതാവ് നാടകസംവിധായകനായ ജൂതവംശജനുമായിരുന്നു. ഫാക്ടറി തൊഴിലാളികൾക്കു വേണ്ടിയുള്ള മാഗസീനിൽ കുറച്ചു കാലം പത്രപ്രവർത്തകനായി ചെറിയ വേതനത്തിൽ അദ്ദേഹം ജോലി നോക്കിയിരുന്നു. നോവലിസ്റ്റായിത്തീരുക എന്ന ദോവ്ലതോവിന്റെ സ്വപ്നം സോവ്യറ്റ് യൂണിയനിലെ രാഷ്ട്രീയ പരിതഃസ്ഥിതിയിൽ സാധ്യമായിരുന്നില്ല. വ്യക്തിഗതമായ പ്രതിഭയ്ക്കു പകരം സമൂഹത്തിന്റെ ശുഭാപ്തിവിശ്വാസം ഊട്ടി ഉറപ്പിക്കുക, തൊഴിലാളികൾക്ക് ആത്മധൈര്യം പകരുക, പൗരാണിക വീരന്മാരുടെ അപദാനങ്ങൾ വിവരിക്കുക തുടങ്ങിയ പദ്ധതിയധിഷ്ഠിത രചനകളോടാണ് ഉദ്യോഗസ്ഥർക്ക് താത്പര്യമുണ്ടായിരുന്നത് . റൈറ്റേഴ്സ് യൂണിയനിൽ അംഗത്വമുണ്ടെങ്കിൽ മാത്രമേ ഒരാൾ എഴുത്തുകാരനായി അവിടെ അംഗീകരിക്കപ്പെടുകയുള്ളൂ. മറ്റു പ്രസിദ്ധീകരണകൾ രചനകൾ പരിഗണിക്കണമെങ്കിലും അംഗത്വം നിർബന്ധമാണ്. അവിടെ തന്റെ രചനകൾ പ്രസിദ്ധീകരിക്കാൻ സാധ്യമല്ലാതെ വന്നപ്പോൾ വിദേശപ്രസിദ്ധീകരണങ്ങളിൽ ഡോവ്‌ലറ്റോവ് തന്റെ രചനകൾ പ്രസിദ്ധപ്പെടുത്തിയെന്നും അത് അദ്ദേഹത്തെ രാജ്യത്തുനിന്നു പുറത്താക്കുന്നതിലേക്കു നയിച്ചുവെന്നും കരുതുന്നു. 1976- ൽ ദോവ്ലതോവ് റഷ്യ വിട്ടു ന്യൂയോർക്കിലേക്ക് കുടിയേറി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയനായ റഷ്യൻ എഴുത്തുകാരൻ എന്ന നിലയിലേക്ക് ഉയരാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1990 -ൽ ഹൃദയാഘാതത്തെ തുടർന്നാണ് ദോവ്ലതോവ് മരിക്കുന്നത്.