I Won't Come Back
ഐ വോണ്ട്‌ കം ബാക്ക്‌ (2014)

എംസോൺ റിലീസ് – 240

ഭാഷ: റഷ്യൻ
സംവിധാനം: Ilmar Raag, Dmitry Sheleg
പരിഭാഷ: ആർ. മുരളീധരൻ
ജോണർ: ഡ്രാമ
Download

297 Downloads

IMDb

7.1/10

Movie

N/A

ഇല്‍മാര്‍ രാഗ്‌ സംവിധാനം ചെയ്‌ത “ഞാന്‍ തിരിച്ചു വരില്ല”(ഐ വോണ്ട്‌ കം ബാക്ക്‌/കസാഖ്‌സ്ഥാന്‍, ഫിന്‍ലന്റ്‌, റഷ്യ, എസ്‌തോണിയ, ബെലാറസ്‌) അനാഥത്വത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹരാഹിത്യത്തിന്റെയും നിയമത്തിന്റെയും അതിര്‍ത്തികളുടെയും രാഷ്‌ട്രത്തിന്റെയും സ്വത്വത്തിന്റെയും ഘടകങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയ സിനിമയാണ്‌. റഷ്യയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്‌ അനാഥശാലയില്‍ വളര്‍ന്നു വലുതായ ആന്യ. ഭാര്യയും മകളുമുള്ള മധ്യവയസ്‌കനായ പ്രൊഫസര്‍, ഏതൊരു മേലുദ്യോഗസ്ഥനും കീഴ്‌ ജീവനക്കാരിയും തമ്മില്‍ രൂപപ്പെട്ടേക്കാവുന്ന വിധത്തില്‍ ആന്യയുമായി ശാരീരികമായും അടുക്കുന്നു. എന്നാലവളുടെ പ്രതീക്ഷകളൊന്നും നിറവേറ്റാന്‍ അയാള്‍ക്കാവില്ല എന്നു മാത്രമല്ല, അകാരണമായി മയക്കുമരുന്നു കേസില്‍ കുടുങ്ങുന്ന അവളെ രക്ഷിക്കാന്‍ പോലും അയാള്‍ മിനക്കെടുന്നില്ല. സ്വന്തം കൗശലങ്ങളാല്‍ രക്ഷപ്പെടുന്ന ആന്യയോടൊപ്പം, അവസാനം പാര്‍ത്ത ഷെല്‍ട്ടറില്‍ നിന്ന്‌ ക്രിസ്‌തീന എന്ന പത്തു വയസ്സുകാരിയും ചേരുന്നു. പല നിലക്ക്‌ അവളെ ഒഴിവാക്കാന്‍ ആന്യ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ രണ്ടു പേരും തമ്മില്‍ ഒരിക്കലും വിട്ടു പിരിയാന്‍ ആവാത്ത വിധത്തില്‍ സൗഹൃദം ദൃഢമാവുന്നു. ക്രിസ്‌തീനയുടെ മുത്തശ്ശി കസാഖ്‌സ്ഥാനില്‍ ഉണ്ടെന്ന അവളുടെ ഭാഷ്യം ആന്യ മുഖവിലക്കെടുക്കുന്നില്ല. വഴിയിലുണ്ടാകുന്ന ഒരപകടത്തില്‍ ക്രിസ്‌തീന കൊല്ലപ്പെടുന്നു. മുത്തശ്ശിയെ തേടി ആന്യ ഒറ്റക്ക്‌ കസാഖ്‌സ്ഥാനിലേക്ക്‌ യാത്രയാവുന്നു.