• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ivan’s Childhood / ഇവാന്റെ ബാല്യകാലം (1962)

March 25, 2016 by Shyju S

എം-സോണ്‍ റിലീസ് – 260

പോസ്റ്റർ : ശ്രുജിൻ ടി. കെ
ഭാഷറഷ്യൻ
സംവിധാനംAndrei Tarkovsky, Eduard Abalov
പരിഭാഷവെള്ളെഴുത്ത്
ജോണർഡ്രാമ, വാർ

8.1/10

Download

വ്ലാദിമിർ ബോഗോമൊളോവ് 1957 -ൽ എഴുതിയ കഥാപുസ്തകമാണ് തർക്കോവ്സ്കിയുടെ ‘ഇവാന്റെ ബാല്യകാലം’ എന്ന ചലച്ചിത്രത്തിനടിസ്ഥാനം. സിനിമ പുറത്തിറങ്ങിയത് 1962-ൽ. ബോഗോമൊളോവ് കുട്ടിയുടെ കാഴ്ചപ്പാടിലൂടെ യുദ്ധത്തെ അവതരിപ്പിച്ചു, അതേ സമയം തർക്കോവ്സ്കി സിനിമയിൽ കാഴ്ചപ്പാട് കുട്ടിയിൽനിന്നു മാറ്റി, കുട്ടിയിലേക്ക് നോക്കാൻ മറ്റു കഥാപാത്രങ്ങളെ കൂട്ടു പിടിച്ചു. നോവലിന് മുഖവുര എഴുതിയ യൂറി യാക്കോവ്ലേവ്, യുദ്ധ രംഗത്തെ കുട്ടികളുടെ സാഹസികതയെക്കുറിച്ച് വാചാലനാവുന്നുണ്ട്. അദ്ദേഹത്തിന്റെ പക്കൽ ഫാസിസത്തിനെതിരെ കയ്യും മെയ്യും മറന്ന് പോരാടിയ കുറെ കുട്ടികളുടെ നീണ്ട പട്ടികയുണ്ട്. ഇവാൻ ഒരു കൽപ്പിത കഥയല്ല, ഒരു യാഥാർത്ഥ്യമാണെന്നും അങ്ങനെ കുറെ കുട്ടികളുടെ ചോരകൂടി ഒഴുകി കിട്ടിയതാണ് ഇപ്പൊഴത്തെ സമാധാനവും എന്നാണ് വാദം. മറ്റൊരു കാര്യത്തിൽകൂടി മുഖവുരയും നോവലും വാചാലമാവുന്നുണ്ട്, അത് കൂട്ടികളെ മുതിർന്നവരേക്കാൾ താഴ്ന്ന നിലയിൽ കണക്കാക്കേണ്ടതില്ലെന്നാണ്, ഭീകരമായ മർദ്ദനങ്ങൾക്ക് ഒടുവിലും ഇവാൻ താൻ എന്തിനാണ് വിലക്കപ്പെട്ട പ്രദേശത്ത് അലഞ്ഞു തിരിഞ്ഞത് എന്ന് പറയുന്നില്ല. ചാരനോ കുട്ടിപ്പട്ടാളസംഘത്തിലെ അംഗമോ ആണെന്ന ഊഹം മാത്രമെ ശത്രു സൈനികർക്ക് ഉള്ളൂ..

തർക്കോവ്സ്കി, യുദ്ധകാലത്ത് കുഞ്ഞുങ്ങൾ എങ്ങനെ അവരല്ലാതാകുന്നു എന്ന കാര്യത്തിലാണ് ഊന്നൽ നൽകിയത്. തുടക്കം മുതൽ സംഭാഷണമുൾപ്പടെ നോവലിനെ അതേ പടി പിന്തുടരുന്ന സിനിമ നോവലിൽനിന്ന് വഴുതിമാറുന്ന രംഗങ്ങൾ പ്രത്യേക വീക്ഷണത്തിൽ ഒരുക്കിയതാണെന്ന് കാണാൻ പ്രയാസമില്ല. അവയിൽ പ്രധാനം ഇവാന്റെ മൂന്നു സ്വപ്നരംഗങ്ങളാണ്. അതിലൊന്ന് ആദ്യം അമ്മയുമായുള്ളതാണ്. അടുത്തതും അമ്മയുമായുള്ളതാണ്. അവസാനത്തേത് കൂട്ടുകാരിയുമായുള്ളതും. മൂന്നു സ്വപ്നരംഗങ്ങളും ഇവാൻ എന്ന കുട്ടിയുടെ നഷ്ടപ്പെട്ടു പോയ ലോകത്തെക്കുറിച്ചോർമ്മിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. നോവലിലില്ലാത്ത മറ്റൊരു ദൃശ്യം, ഇവാന്റെ ഒളിച്ചോട്ടസമയത്ത് കാണുന്ന ഒരു വൃദ്ധന്റെ കഥാപാത്രമാണ്. അയാളുടെ ഭാര്യയെ ജർമ്മൻകാർ കൊന്നു കളഞ്ഞു. എന്നാലും ഭാര്യ തിരിച്ചു തന്റെ അടുക്കൽ വരുമെന്ന് പ്രതീക്ഷിക്കുന്ന, മാനസിക നില തെറ്റിയ അയാൾ റഷ്യയുടെ അശാന്തമായ മനസ്സാണ്. ഇതൊക്കെ എന്ന് അവസാനിക്കും എന്നൊരു മനോഗതമുണ്ട് അയാൾക്ക്. ഇവാന്റെ മരണത്തെ സംബന്ധിച്ചും സംവിധായകൻ നോവലിനെ പിന്തുടരുന്നില്ല. നോവലിൽ വിശദമായ റിപ്പോർട്ടിന്റെ അവതരണമാണ് അവസാനം. സിനിമയിൽ പല മരണങ്ങളുടെ റിപ്പോർട്ടിൽ ഒന്നായി അത് സ്ഥാനം പിടിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ചിത്രീകരണത്തിൽ 1950 കളിൽ സംവിധായകർക്കുണ്ടായിരുന്ന ശ്രദ്ധ ഇന്നു പോലും നമുക്ക് കിട്ടാക്കനിയാണ്. സംഭാഷണത്തിലൂടെ അവർ വളരുന്നതു നമുക്കു കാണാം. അവരുടെ സൂക്ഷ്മമായ പ്രകൃതം വ്യക്തമാവുന്നതും സംഭാഷണത്തിലൂടെയാണ്. ജർമ്മൻ പട്ടാളക്കാർ ക്രൂരതയും ആക്രമണവും അപമാനിക്കലുമായി സിനിമയുടെ മറ്റൊരു ഭാഗത്താണ്. റഷ്യൻ പട്ടാളക്കാരുടെ കർക്കശമെങ്കിലും മാനവികമായ മുഖത്തിനാണ് സിനിമയിൽ ഊന്നൽ. ഖോലിന്റെയും മെഡിക്കൽ അസിസ്റ്റന്റായ പെൺകുട്ടിയുടെയും താത്കാലികമായ പ്രണയത്തിന് അതിമനോഹരമായ ദൃശ്യഭാഷ തർക്കോവ്സ്കി ഒരിടത്ത് നിർമ്മിച്ചു വച്ചിട്ടുണ്ട്.കിടങ്ങിന്റെ രണ്ടുവശത്തായി കാലു വച്ചു നിന്നുകൊണ്ടു ഖോലിൻ, വിമുഖ മനസ്കയായ അവളെ അന്തരീക്ഷത്തിൽ നിർത്തി ബലമായി ചുംബിക്കുന്നു.

ജീവിതത്തിന്റെ സൗമ്യഭാവങ്ങളെപ്പറ്റി അത്രയൊന്നും തരളിതമാകാൻ പറ്റാത്ത കാലത്തിരുന്നുകൊണ്ട് ‘ഇവാന്റെ ബാല്യകാലം’ വീണ്ടും കാണുമ്പോൾ കാലം കൂട്ടി ചേർക്കുന്ന അർത്ഥങ്ങൾ വായിച്ചെടുക്കുക പ്രധാനമാകുന്നു, ഒരു കലാസൃഷ്ടിയിൽ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, Russian, War Tagged: Vellezhuthu

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]