Solaris
സൊളാരിസ് (1972)
എംസോൺ റിലീസ് – 2477
| ഭാഷ: | ജർമൻ , റഷ്യൻ |
| സംവിധാനം: | Andrei Tarkovsky |
| പരിഭാഷ: | മുബാറക്ക് റ്റി എൻ |
| ജോണർ: | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
ഇരുപതാം നൂറ്റാണ്ടിലെ മികച്ച സംവിധായകരിൽ ഒരാളായി കണക്കാക്കുന്ന റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ മൂന്നാമത്തെ ചിത്രമാണ് 1972 ൽ പുറത്തിറങ്ങിയ സൊളാരിസ്. സ്റ്റാനിസ്ലാവ് ലെം എന്ന പോളിഷ് എഴുത്തുകാരൻ 1961 ൽ രചിച്ച ഇതേ പേരിലുള്ള ശാസ്ത്ര നോവലാണ് സിനിമയ്ക്കാധാരം.
സൊളാരിസ് എന്ന ഗ്രഹത്തെ പറ്റി പഠിക്കുവാൻ അയച്ച ശാസ്ത്രജ്ഞരുടെ സംഘം നേരിടുന്ന മാനസിക പ്രശ്നങ്ങളെയും മറ്റും പഠിക്കാൻ ക്രിസ് കെൽവിൻ എന്ന മനശാസ്ത്ര വിദഗ്ദനെ അയക്കുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്.
അവിടെ എത്തി ചേരുന്ന കെൽവിൻ, താൻ എന്തിനെ പറ്റിയാണോ പഠിക്കാൻ വരുന്നത്, അതേ പ്രശ്നത്തിൽ അകപ്പെടുന്നു. സൊളാരിസ് എന്നത് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഒരു ഗ്രഹമാണ്. മനുഷ്യർ നടത്തുന്ന പരീക്ഷണങ്ങൾക്ക് മറുപടിയായി, മനുഷ്യൻ്റെ ഓർമകൾ കൊണ്ട്, അവൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ കൊണ്ട് അവനെ മാനസികമായി വേട്ടയാടുകയാണ് സൊളാരിസ് ചെയ്യുന്നത്. അതും, അയാളുമായി ബന്ധപ്പെട്ട മനുഷ്യരെ അതെ രൂപത്തിൽ പുനഃസൃഷ്ടിച്ച് കൊണ്ട്. ക്രിസിൻ്റെ കാര്യത്തിൽ, അയാൾ നേരിടുന്നത് വര്‍ഷങ്ങള്‍ക്ക് മുന്നേ ആത്മഹത്യ ചെയ്ത അയാളുടെ ഭാര്യയുടെ അതേ രൂപത്തിലുള്ള ഒരു യുവതിയെയാണ്.
തുടർന്ന് സൊളാരിസിലെ അവശേഷിക്കുന്ന യാത്രക്കാർ ഇത്തരം ചിന്തകളെ ഒഴിവാക്കാൻ നടത്തുന്ന പരിശ്രമങ്ങളും, അവർ നേരിടുന്ന തടസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. പ്രകൃതിയുടെ ശക്തിക്ക് മുന്നിൽ നിസ്സഹായനായ മനുഷ്യനെയാണ് തർക്കോവിസ്ക്കി നമുക്ക് മുന്നിൽ വരച്ചിടുന്നത്.
