എം-സോണ്‍ റിലീസ് – 103
ഭാഷ | സ്വീഡിഷ് |
സംവിധാനം | Ingmar Bergman |
പരിഭാഷ | അഭിലാഷ്, രമ്യ |
ജോണർ | ഡ്രാമ, ത്രില്ലർ, |
ബിബി ആന്ണ്ടേഴ്സണും ലീവ് ഉള്മാനും കേന്ദ്ര കഥാപാത്രങ്ങളായ ഒരു ബര്ഗ്മാന് ചിത്രമാണ് പേഴ് സോണ. ബര്‍ഗ്മാന്റെ പ്രിയപ്പെട്ട ചായാഗ്രാഹകന് സ്വെന്‍ നിക്വിസ്റ്റ് മായുള്ള ആറാമത്തെ സിനിമയായ ഇതു മിനിമലിസത്തിന്റെ സാധ്യതകളെ സാധൂകരിച്ച കലാസൃഷ്ട്ടിയാണ് . നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ സിനിമ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായി ബര്ഗ്മാന് വിലയിരിത്തിയിട്ടുണ്ട്.
ശക്തമായ രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് പേഴ്സോണ മുന്നോട്ടു പോകുന്നത്. ഒരു മാനസിക സംഘര്ഷത്തിനടിമപെട്ട്, നിശബ്ദതയും നിര്വികാരയുമായിരിക്കുന്ന എലിസബത്ത് വോഗ്ലെര്‍ എന്ന നടിയും അവരെ ശുശ്രൂഷിക്കാന്‍ വരുന്ന സിസ്റ്റര്‍ ആല്‍മയും അവര്‍ ചിലവിടുന്ന സ്വകാര്യ സമയങ്ങളിലൂടെ ഉരിത്തിരിയുന്ന ആത്മബന്ധങ്ങളും അനിര്‍വചനീയമായ സംഘര്‍ഷങ്ങളും, എല്ലാം കൂടിച്ചേര്‍ന്നതാണ് ഈ സിനിമ. സിനിമയുടെ ഒരു ഘട്ടത്തില്‍ ആരാണ് രോഗി എന്നാ ചോദ്യത്തിന് ഒരു ഉത്തരം കിട്ടാത്ത അവസ്ഥ തന്നെ എത്തിച്ചേരുന്നു. വൈകാരിക അനുഭവങ്ങള്‍ ഭൌതിക അതിര്‍വരമ്പുകളെ മായ്ച്ചു കളയുന്ന ഒരു മാനസിക തലം അവസാനിപ്പിക്കുന്നതു തന്നെ പ്രേക്ഷകരുടെ തലത്തിലേക്ക് സിനിമയെ എത്തിച്ചു കൊണ്ടാണ്.
എലിസബത്ത് വോഗ്ലര്ക്കും, സിസ്റ്റര്‍ ആല്മയ്ക്കും ഭൌതികമായ വൈജാത്യങ്ങള്‍ക്കതീതമായി മാനസിക സമാനതകള്‍ കൈവരിക്കുന്നിടത്ത് പ്രേക്ഷകര്‍ തീര്‍ച്ചയായും സംശയിക്കുന്നു. ഈ എലിസബത്ത് വോഗ്ലെരുടെ ഒരു അഭിനയ കഥാപാത്രം മാത്രമാണോ സിസ്റ്റര്‍ ആല്മ (മറ്റൊരുതരത്തില്‍ അവര്‍ അന്യോന്യം പേഴ്സോണ ആണോ)
ഈ സിനിമ തുടങ്ങുന്നത് തന്നെ ഒരു പ്രൊജക്ടര്‍ കത്തി തുടങ്ങുന്നിടത്ത് നിന്നാണ്. അവസാനിക്കുന്നതും ആ പ്രൊജക്ടറില്‍ തന്നെ. ഭ്രമാത്മകത നിലനിര്‍ത്തികൊണ്ട് തന്നെ ബെര്ഗ്മാന് വ്യക്തമായ മറ്റൊരു സൂചനകള്‍ ഇല്ലാതെ സിനിമ നിര്‍ത്തുന്നിടത്ത് ആണ് അതിന്റെ മനോഹാരിത പൂര്‍ണമാകുന്നത്. രണ്ടു കഥാപാത്രങ്ങളും ഒന്നായി തീരുന്ന തരത്തിലുള്ള ക്ലോസപ്പ് ഷോട്ടുകള്‍, നീണ്ടു നില്ക്കുന്ന സീനുകള്‍ എല്ലാം പ്രേക്ഷകനെ സിനിമാറ്റിക്ക് ലോകത്തിന്റെ മായാജാലക്കുരുക്കില് അകപ്പെടുത്തുന്നു.
തന്റെ അപക്വമായ ഒരു ബന്ധം വിവരിക്കുന്നിടത്ത് നിന്നാണ് നാം സിസ്റ്റര്‍ അല്‍മയെ വിലയിരുത്തി തുടങ്ങുന്നത് . മനുഷ്യ മനസിന്റെ നൈമിഷിക അഭിവാഞ്ഛകളെ തടുത്തു നിര്‍ത്താന്‍ ആര്‍ക്കും അത്ര എളുപ്പത്തില്‍ ആവില്ല എന്ന സത്യം ആല്മയിലൂടെ നമ്മുടെ മുന്പില് ബെഗ്മാന് അവതരിപ്പിക്കുകയാണ്. പിന്നീടു ഒരു അബോര്ഷന് വിധേയയാകുന്ന സിസ്റ്റര്‍ ആല്മ,ആ തീരുമാനത്തിന്റെ സംഘര്‍ഷങ്ങളില്‍ പിന്നീടു അടിമപ്പെടുകയാണ്. എന്നാല്‍ എലിസബത്ത് വോഗ്ലെര്‍ ആകട്ടെ, അബോര്ഷന് ചെയ്യാന്‍ സാധിക്കാത്തതിന്റെയും അതിന്റെ പരിണിത അവസ്ഥകളുടെയും സംഘര്‍ഷത്തില്‍ പെട്ടു അസ്വസ്ഥതയാകുകയാണ്. പരസ്പര പൂരകങ്ങളായ ഈ അവസ്ഥകളെ ചിത്രീകരിക്കുന്നതിലൂടെ മനുഷ്യന്റെ തീരുമാനങ്ങളിലെ അവ്യക്തതകളും അവയുടെ തലങ്ങളും നമ്മെ ബോധ്യപെടുത്തുന്നു. സാങ്കേതികപരമായ ഔന്നത്യം വളരെയേറെ പുലര്‍ത്തുന്ന ഈ സിനിമ ലോകക്ലാസ്സികുകളില് നിര്‍ബന്ധമായും കാണേണ്ട ഒന്നാണ്. പേഴ്സോണ തികച്ചും ഒരു ബര്ഗ്മാന് ചിത്രമാണ് എന്ന് നിസ്സംശയം പറയാം, അതാണ് ആ സിനിമയെ കുറിച്ച് ഒറ്റവാചകത്തില്‍ പറയാനുള്ളത്.