The Sacrifice
ദി സാക്രിഫൈസ് (1986)

എംസോൺ റിലീസ് – 2600

ഭാഷ: സ്വീഡിഷ്
സംവിധാനം: Andrei Tarkovsky
പരിഭാഷ: മുബാറക്ക് റ്റി എൻ
ജോണർ: ഡ്രാമ

വിഖ്യാത റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ അവസാന ചിത്രമാണ് 1986 ൽ സ്വീഡിഷ് ഭാഷയിൽ പുറത്തിറങ്ങിയ The Sacrifice / Offret.

ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ലോകത്തെ രക്ഷിക്കുവാനായി തനിക്കുള്ള സകലതും ഉപേക്ഷിക്കാം എന്ന് ദൈവവുമായി കരാറിലേർപ്പെടുന്ന അലക്സാണ്ടറാണ് കഥയിലെ നായകൻ. നടനും, നാടക നിരൂപകനും, പ്രൊഫസറുമായ അയാളുടെ പിറന്നാൾ ദിനത്തിലാണ്, ‘മൂന്നാം ലോക മഹായുദ്ധ’ത്തിന്റെ പ്രഖ്യാപനം വരുന്നത്. തുടർന്ന് അയാളുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള വ്യക്തിബന്ധങ്ങളിൽ സംഭവിക്കുന്ന നാടകീയമായ പരിവർത്തനങ്ങളാണ് സിനിമയുടെ കാതൽ.
ഭൗതിക ലോകവും, ആത്മീയ ലോകവും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും, സ്വന്തം ബുദ്ധിയിൽ അമിതമായി അഹങ്കരിക്കുന്നതും, മനുഷ്യനെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്നാണ് തർക്കോവിസ്ക്കി ഈ ചിത്രത്തിലൂടെ പറഞ്ഞു വെയ്ക്കുന്നത്.

ലോക സിനിമ എന്നെന്നും ഓർത്തിരിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. തന്റെ മറ്റു ചിത്രങ്ങളെപ്പോലെ സംഭാഷണങ്ങളേക്കാൾ ദൃശ്യഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതു വഴി, സിനിമയെന്ന മീഡിയത്തിന് തന്റേതായ നിർവചനം നൽകുകയാണ് തർക്കോവിസ്ക്കി. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരവും, മികച്ച വിദേശ ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരവും നേടിയ ഈ ചിത്രം, 1995 ൽ വത്തിക്കാൻ പുറത്തിറക്കിയ കണ്ടിരിക്കേണ്ട 45 ചിത്രങ്ങളുടെ പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.