എം-സോണ്‍ റിലീസ് – 228
ഭാഷ | ടർക്കിഷ് |
സംവിധാനം | Semih Kaplanoglu |
പരിഭാഷ | വിജയകുമാർ ബ്ലാത്തൂർ |
ജോണർ | ഡ്രാമ |
നിറച്ചാര്‍ത്തുകള്‍ നിറഞ്ഞ വന്യനിശബ്ദതയില്‍ പടുകൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ തന്റെ കുതിരയുമായി വരുന്ന ഗ്രാമീണനായ യാക്കുപിലാണ് തേന്‍ (ബാല്‍) ആരംഭിക്കുന്നത്. കിഴക്കന്‍ അതിര്‍ത്തിയിലെ വനങ്ങള്‍ നിറഞ്ഞ മലഞ്ചെരുവുകളിലൊന്നിലെ പിന്നാക്ക ഗ്രാമക്കാരനാണയാള്‍, കരടികള്‍ കട്ടെടുക്കുന്നതിനാല്‍ വന്‍മരങ്ങളുടെ മേല്‍ ചില്ലകളില്‍ തേന്‍ കൂടുകള്‍ സ്ഥാപിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. യുവതിയായ ഭാര്യയും ആറുവയസ്സുകാരന്‍ യൂസഫ് എന്ന മകനുമാണ് അയാള്‍ക്കുള്ളത്. സംസാരിക്കുമ്പോള്‍ വിക്കുള്ള യൂസഫ്, അതുകൊണ്ട് തന്നെ ലജ്ജാലുവും അന്തര്‍മുഖനുമാണ്. ഈ ലോകത്തില്‍ അവനെ തിരിച്ചറിഞ്ഞ ഒരാളേ ഉള്ളൂ. അത് അവന്റെ അച്ഛനാണ്. തേന്‍ തേടിയുള്ള വിദൂരവനാന്തര്‍ഭാഗത്തേയ്ക്ക് ഒരു നാള്‍ യാക്കുപ് യാത്ര പുറപ്പെടുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ തിരിച്ചെത്തുന്നില്ല. ദുശ്ശങ്കകള്‍ പരന്ന മനസ്സുമായി അമ്മയും അവനും യാക്കുപിനെ കാത്തിരിക്കയാണ്.
സത്യജിത് റേയുടെ അപുത്രയങ്ങള്‍ പോലെ കപ്ലനോഗ്ലവിന്റെ യൂസഫ് ത്രയങ്ങളാണ് മുട്ട, പാല്‍, തേന്‍ എന്നീ സിനിമകള്‍. കപ്ലനോഗ്ലുവിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകയായി കണക്കാപ്പെടുന്നത് തേന്‍ തന്നെയാണ്. സ്വപ്നങ്ങളും ബാല്യകൗതുകങ്ങളും നിഷ്കളങ്കതയും നഷ്ടബോധങ്ങലും കവിതകളും നിറഞ്ഞ യൂസഫിന്റെ കഞ്ഞുജീവിതം അടയാളപ്പെടുത്താന്‍ പ്രകൃതിയെയാണ് സംവിധായകന്‍ കൂട്ടുപിടിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിയ മന്ദതാളവും നിശബ്ദതയുടെ സംഗീതവും ഭൂപ്രകൃതിയുടെ വന്യതയ്ക്കുള്ളിലും നിറഞ്ഞുനില്‍ക്കുന്ന ശാന്തസ്പര്‍ശവും നമ്മെ ഒരു സ്വപ്നപരിസരത്തില്‍ എത്തിക്കുകയും ഏറെനാള്‍ പിന്തുടരുകയും ചെയ്യും. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ സിനിമ.