എംസോൺ റിലീസ് – 2692
ഭാഷ | ടർക്കിഷ് |
സംവിധാനം | Ozer Feyzioglu |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | ബയോഗ്രഫി, ഡ്രാമ, സ്പോര്ട് |
നയീം സുലൈമാനോളു, ബൾഗേറിയയിലെ ഒരു തുർക്കി കുടുംബത്തിൽ ഒരു ബസ് ഡ്രൈവറുടെ മകനായിട്ടാണ് ജനിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു അക്കാലത്തെ ഏറ്റവും മികച്ച വെയ്റ്റ്ലിഫ്റ്റിങ് കോച്ചുകളിൽ ഒരാളായിരുന്ന എൻവർ തുർക്കിലേരി, നയീമിനെ ഏറ്റെടുത്തു പരിശീലിപ്പിക്കുന്നു. ഇരുപത് ലക്ഷത്തിൽപരം തുർക്കി വംശജരായിരുന്നു അക്കാലത്ത് ബൾഗേറിയയിൽ മാത്രം ജീവിച്ചിരുന്നത്. മത്സര വിജയങ്ങൾ ഒരു താരത്തെ ചാമ്പ്യൻ ആക്കിയേക്കാം. പക്ഷേ, ഒരു ജനതയുടെ ഹൃദയം കീഴടക്കാൻ കഴിയുമ്പോഴാണ് അയാളൊരു യഥാർത്ഥ ചാമ്പ്യൻ ആവുന്നത്. ഒരു താരത്തിന് രണ്ട് തരത്തിൽ ജീവിക്കാം. ഒന്ന്, സ്വന്തം ജീവിതത്തിൽ മാത്രം ശ്രദ്ധിച്ച് സഹജീവികളുടെ ജീവിത പ്രശ്നങ്ങൾക്ക് മുഖം കൊടുക്കാതെ അധികാരികളുടെ ഇഷ്ടക്കേട് സമ്പാധിക്കാതെ മനസ്സമാധാനത്തോടെ. രണ്ട്, സഹജീവികളുടെ ബുദ്ധിമുട്ടുകൾ കണ്ട് അതിൽ വേദനിച്ചു കൊണ്ട്, അതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട്, അധികാരികളുടെ ശക്തമായ വെറുപ്പ് സമ്പാധിച്ചു കൊണ്ട് മനസ്സമാധാനം കളഞ്ഞും ജീവിക്കാം. പക്ഷേ, ഇതിൽ രണ്ടാമത്തെ കൂട്ടർ ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയങ്ങളിൽ ആയിരിക്കും. അതായിരുന്നു നയീം സുലൈമാനോളു. സ്വന്തം സ്വത്വം അധികാരികളുടെ കാൽക്കീഴിൽ കൊണ്ടുവെക്കേണ്ടി വന്ന ലക്ഷക്കിന് സാധാരണക്കാർക്ക് വേണ്ടി അയാൾ പോരാടി, തന്റെ ജീവൻ പോലും വക വെയ്ക്കാതെ. വെറും നാലടി പത്ത് ഇഞ്ച് മാത്രം ഉയരമുണ്ടായിരുന്ന ആ കുറിയ മനുഷ്യൻ തനിക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന കഠിന ഭാരങ്ങൾ ഒരു അന്യഗ്രഹ ജീവിയെപ്പോലെ, കോടിക്കണക്കിനു മനുഷ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉയർത്തിയത് ഒരു ജനതയ്ക്ക് വേണ്ടിയായിരുന്നു. ഒരു ജനതയുടെ മുഴുവൻ അഭിമാനവും പ്രതീക്ഷയും ആ ചെറിയ മനുഷ്യനായിരുന്നു. അയാളെ അവർ സ്നേഹത്തോടെ “ദി പോക്കറ്റ് ഹെർക്കുലീസ്” എന്ന് വിളിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യൻ…