The Scent of Green Papaya
ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)
എംസോൺ റിലീസ് – 969
ഭാഷ: | വിയറ്റ്നാമീസ് |
സംവിധാനം: | Anh Hung Tran |
പരിഭാഷ: | വെള്ളെഴുത്ത് |
ജോണർ: | ഡ്രാമ, മ്യൂസിക്കൽ, റൊമാൻസ് |
1940 നും 60 നും ഇടയ്ക്കുള്ള വിയറ്റ്നാമീസ് കുടുംബജീവിതത്തിന്റെ ഗതിവിഗതികൾ ഭാവാത്മകമായി അവതരിപ്പിക്കുന്ന ചലച്ചിത്രകാവ്യമാണ്, ട്രാൻ ആൻ ഹങ് സംവിധാനം ചെയ്ത ‘പച്ചപ്പപ്പായയുടെ മണം’ (The Scent of Green Papaya).
ഗ്രാമത്തിന്റെ ഉൾപ്രദേശത്തുനിന്ന് ദാരിദ്ര്യം കാരണം ഒരു സമ്പന്ന വ്യാപാരകുടുംബത്തിൽ ജോലി ചെയ്യാനെത്തുന്ന മ്യൂയി എന്ന പെൺകുട്ടിയിലൂടെയാണ് ചലച്ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഗൃഹനാഥന്റെ ചെയ്തികൾ കാരണം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന ആ കുടുംബത്തിൽനിന്ന് അവൾ യുവാവായ സംഗീതജ്ഞന്റെ വീട്ടിലേക്ക് ജോലി മാറുന്നു. അവളുടെ ഒതുങ്ങിയ പ്രകൃതത്തിലും സ്വാഭാവികമായ സൗന്ദര്യത്തിലും ആകൃഷ്ടനായി അയാൾ അവളെ ജീവിതസഖിയാക്കുകയും അക്ഷരം പഠിപ്പിക്കുകയും ചെയ്യുന്നു. മ്യൂയിയുടെ എന്നപോലെ പപ്പായ ഇവിടെ ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയുംകൂടി പ്രതീകമാണ്.
ആദർശാത്മക ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം എന്ന് റോബർട്ട് എബർട്ടിനെപ്പോലുള്ള നിരൂപകർ എഴുതിയിട്ടുണ്ട്. വേലക്കാരിയായി എത്തുന്ന മ്യൂയിയുടെ ഇടം പ്രധാനമായും അടുക്കളയായതുകൊണ്ട്, മധ്യവർഗ കുടുംബത്തിന്റെ ഉയർച്ച താഴ്ചകളെ ഭക്ഷണം പാകം ചെയ്യുന്നതിന്റെയും വിളമ്പുന്നതിന്റെയും വ്യത്യാസങ്ങളിലൂടെ സൂക്ഷ്മമായി പകർത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ട്രൻ ആൻ ഹങിന്റെ ആദ്യ ചിത്രമാണ് ഇത്. മുതിർന്ന മ്യൂയി ആയി വേഷമിട്ടത് അദ്ദേഹത്തിന്റെ ഭാര്യയായ ട്രാൻ നു യെൻ- ഖെയാണ്. 1993-ൽ കാൻ ചലച്ചിത്രോത്സവത്തിൽ കാമറ ഡി’ ഓർ സമ്മാനവും മികച്ച ആദ്യസംവിധായകനുള്ള സെസ്സാർ ഫ്രെഞ്ച് അവാർഡും ‘പച്ചപപ്പായയുടെ മണം’ നേടി. മികച്ച വിദേശചിത്രത്തിനുള്ള ആ വർഷത്തെ അക്കാദമി അവാർഡ് നോമിനേഷനും ഈ ചലച്ചിത്രത്തിനുണ്ടായിരുന്നു.