എം-സോണ്‍ റിലീസ് – 1406
ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 3
ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്.
പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്‌നാം വില്ലേജിന്റെ പശ്ചാത്തലത്തിൽ മൂന്നു കുട്ടികളുടെ ബാല്യകാലാനുഭവങ്ങളാണ് സിനിമ പങ്കുവെയ്ക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനങ്ങളെ മികവുറ്റ രീതിയിൽ പ്രേക്ഷകനിലേക്കു പകരുന്ന ഈ സിനിമയിലെ പല ദൃശ്യങ്ങളും നഷ്ടബോധത്തോടെയാണ് നമുക്ക് കണ്ടിരിക്കാനാവുക. മണ്ണും, ഇലകളും, കാറ്റും, അരുവികളും, പാറകളും, പ്രാണികളും, മഴയും, കഥകളും കളിക്കൂട്ടുകാരാകുന്ന ബാല്യത്തിന്റെ മടിത്തട്ടിലേക്ക് ഒന്നുകൂടി ഇറങ്ങിച്ചെല്ലുവാൻ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നു ഈ സിനിമയിലെ കാഴ്ചകൾ. കുസൃതികളും, സന്തോഷങ്ങളും, പിണക്കങ്ങളും, പ്രണയവുമായി കുട്ടികളുടെ ബാല്യം നിറയുന്നത് കാണുമ്പോൾ സമയരഥത്തിലേറി പിന്നോട്ടു ചലിക്കാൻ ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു പോവുന്നു. നിഷ്ക്കളങ്കത നിറഞ്ഞ ബാല്യാനുഭവങ്ങൾക്കിടയിൽ ത്യാഗത്തിന്റെയും, സാഹോദര്യത്തിന്റെയും മാനുഷിക മൂല്യങ്ങളെ കണ്ടുമുട്ടാനും അവർക്കാവുന്നു.
നന്മ തങ്ങി നിൽക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ മാസ്മരികമായ സൗന്ദര്യം പൂർണ്ണതയിൽ ആവാഹിച്ച ക്യാമറയും, പശ്ചാത്തല സംഗീതവും തന്നെയാണ് സിനിമയുടെ കഥയില്ലായ്മ പ്രേക്ഷകനെ അലട്ടാതിരിക്കുന്നതിന്റെ കാരണം. കാണാതെ പോകരുത് ഈ മനോഹര ചിത്രം.
കടപ്പാട്: Shaheer Cholassery