എം-സോണ് റിലീസ് – 163
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Nolan |
പരിഭാഷ | ജെഷ് മോന്, അലൻ സെബി അരുൺ ജോർജ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ |
ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വഞ്ചർ സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നിട്ടുകൂടി കുടുംബബന്ധങ്ങൾ തമ്മിലുള്ള ആഴം വരച്ചുകാട്ടിയ സിനിമയായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു അച്ഛൻ – മകൾ ബന്ധത്തിന്റെ മനോഹാരിത അനുഭവേദ്യമാക്കിയതിൽ മാത്യു മക്കോനഹിയോടും മക്കെൻസി ഫോയോടുമാണ് പ്രേക്ഷകർ ഏറെ കടപ്പെട്ടിരിക്കുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പ് ചോദ്യച്ചിഹ്നമായ ഭൂമിയിൽ നിന്നും മനുഷ്യവാസം സാധ്യമായ ഒരു ഗ്രഹം തേടി ജോസഫ് കൂപ്പറുടെ നേതൃത്വത്തിൽ ഒരു സംഘം ബഹിരാകാശ യാത്രികർ എൻഡ്യൂറൻസ് എന്നൊരു പേടകത്തിൽ കയറി യാത്ര പുറപ്പെടുന്നു. 48 വർഷങ്ങൾക്ക് മുൻപ് ശനിയുടെ അടുത്തായി സ്ഥിതി ചെയ്യുന്നൊരു വേംഹോൾ മറ്റൊരു ഗ്യാലക്സിയിലേക്ക് തുറക്കുന്നൊരു വാതിലാണെന്ന് കുറച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ആ ഗ്യാലക്സിയിൽ ഗാർഗ്വാന്റ എന്നൊരു തമോഗർത്തത്തിനു അരികിലായി സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് ഗ്രഹങ്ങൾ മനുഷ്യന് വസിക്കാൻ യോഗ്യമാണെന്ന സംശയത്തിൽ പന്ത്രണ്ട് ബഹിരാകാശ യാത്രികരെ വർഷങ്ങൾക്ക് മുൻപ് നാസ അങ്ങോട്ടയച്ചിരുന്നു. അതിൽ മൂന്ന് ഗ്രഹങ്ങളിൽ നിന്നും ശുഭ സൂചനയാണ് വന്നിട്ടുള്ളത്. ഈ മൂന്ന് ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്ന് പരിശോധിക്കലാണ് കൂപ്പറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം.ലക്ഷക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഗ്യാലക്സികൾക്കിടയിലുള്ള ഷോർട്ട് കട്ടാണ് വേം ഹോൾ. പ്രപഞ്ചത്തിൽ പ്രകാശത്തിനേക്കാൾ വേഗതയുള്ള ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും സൂര്യനിൽ നിന്നും പ്രകാശത്തിന് ഭൂമിയിലെത്താനുള്ള സമയം എട്ട് മിനിറ്റാണെന്നറിയുക. അതുകൊണ്ട് തന്നെ ഒരു മനുഷ്യായുസ്സ് മുഴുവൻ യാത്ര ചെയ്താലും ഒരു ഗ്യാലക്സിയിൽ നിന്നും മറ്റൊരു ഗ്യാലക്സിയിലേക്ക് മനുഷ്യന് എത്തിപ്പെടുക അസാധ്യം. ആൽബർട്ട് ഐൻസ്റ്റിന്റെ ഫീൽഡ് ഇക്വേഷൻസിന്റെ അടിസ്ഥാനത്തിലാണ് വേംഹോളിനെ വിശദീകരിക്കുന്നത്. നമ്മുടെ ത്രീ ഡയമെൻഷനൽ സ്പെയ്സും സിംഗിൾ ഡയമെൻഷനൽ ടൈമും ഒത്തുചേർന്നു ഫോർ ഡയമെൻഷനൽ സ്‌പെയ്‌സ് ടൈം. അനേക ലക്ഷം പ്രകാശ വർഷം അകലെയുള്ള ഗ്യാലക്സിയിലേക്ക് ഒറ്റയടിക്ക് ഒരു ദ്വാരത്തിലൂടെ എത്താൻ സാധിക്കുമെന്നാണ് ആൽബർട്ട് ഐൻസ്റ്റിന്റെ തിയറി പറയുന്നത്. ഇതേ തിയറിയാണ് ഇന്റെർസ്റ്റല്ലാറിൽ പിന്തുടരുന്നത്.
കടപ്പാട് : റിയാസ് പുളിക്കൽ