എം-സോണ്‍ റിലീസ് – 87
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steve McQueen |
പരിഭാഷ | ആര്. മുരളീധരന്. സഹായം : പി. പ്രേമചന്ദ്രന്. |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി, |
2013ൽ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് ലഭിച്ച ചിത്രമാണ് ‘റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെസ്ലെയ്‌വ്’ (Twelve years a slave). മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരനാണ് സ്റ്റീവ് മക്വീൻ. രോഷവും വേദനയുമടക്കി, തന്റെ സംഗീതോപകരണത്തെ മറന്ന്, പുറംലോകത്തെ മാറ്റങ്ങളറിയാതെ 12 വർഷക്കാലം അടിമ ജീവിതം നയിക്കെണ്ടിവന്ന കർഷകനും വയലിനിസ്റ്റുമായ സോളമൻ നോർത്തപ്പിന്റെ ജീവിതരേഖയാണ് ഈ ചിതം വരച്ചുകാട്ടുന്നത്.
സോളമൻ 32ാമത്തെ വയസ്സിലാണ് അടിമച്ചന്തയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. സരട്ടോഗ പട്ടണത്തിലായിരുന്നു അയാളും കുടുംബവും. മെച്ചപ്പെട്ട ഒരു ജീവിതം കാംക്ഷിച്ചാണ് അയാൾ സർക്കസ് കമ്പനിയിൽ ചേരാൻ വാഷിങ്ടണിലേക്ക് പോകുന്നത്. അതൊരു ചതിയായിരുന്നു. അത് തിരിച്ചറിയുമ്പോഴേക്കും സോളമന് സ്വന്തം പേരുപോലും നഷ്ടപ്പെട്ടിരുന്നു. പ്ലാറ്റ് എന്ന അപരനാമത്തിലായി അവിടുന്നങ്ങോട്ട് അയാളുടെ ജീവിതം. എഴുത്തും വായനയും അറിയാമെന്ന വെളിപ്പെടുത്തൽ പോലും അപകടമായിരുന്നു. എന്നെങ്കിലും ഏതെങ്കിലും രക്ഷകൻ വരുന്നതും കാത്ത് അയാളിരുന്നു. അപ്പോഴും, അനീതിയോട് പൊരുതാനുള്ള ശേഷി അയാൾ ആർക്കും അടിയറ വെച്ചില്ല. മനസ്സിലെ സംഗീതവും അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചു.
വളരെ വൈകാരികമായാണ് സംവിധായകൻ ഇതിവൃത്തത്തെ സമീപിക്കുന്നത്. വലിയൊരു ജനത അനുഭവിച്ച യാതനയെ അതിന്റെ എല്ലാ കാഠിന്യത്തോടെയും ചിത്രീകരിക്കുന്നു അദ്ദേഹം. അടിമയുടെ പുറത്ത് പുളഞ്ഞുവീഴുന്ന ഓരോ ചാട്ടവാറടിയുടെയും ശബ്ദം നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലിൽ പ്രാകൃതമായ ഒരു ഭൂതകാലത്തിലേക്കാണ് നമ്മൾ ചെന്നുവീഴുന്നത്. ചോരയും കണ്ണീരും വീണ കരിമ്പിൻതോട്ടങ്ങളും പരുത്തിപ്പാടങ്ങളും എല്ലാറ്റിനും മൂകസാക്ഷിയായി നിൽക്കുന്നു. ആത്മാഭിമാനം വെടിയാതെ പൊരുതിനിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ എതിർപ്പിന്റെ സ്വരംമാത്രം ഇടയ്ക്ക് നമുക്ക് കേൾക്കാം.
1853 ജനവരി മൂന്നിന് അടിമജീവിതത്തില്‍ നിന്ന് വിമോചിതനായ അദ്ദേഹം തന്റെ യാതനാജീവിതം പുറംലോകത്തെത്തിക്കുകയാണ് ആദ്യം ചെയ്തത്. വിമോചിതനായ കൊല്ലം തന്നെ Twelve years a slave പുസ്തകം പ്രസിദ്ധീകരിച്ചു. 1853ൽ പ്രസിദ്ധീകരിച്ച ‘റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് ‘ എന്ന പുസ്തകത്തിന്റെ ഇതിഹാസ മാനമാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് സ്റ്റീവ് മക്വീൻ പറയുന്നു. അടിമസമ്പ്രദായത്തിന്റെ വിശദാംശങ്ങൾ, അതിജീവനത്തിനായുള്ള മനുഷ്യന്റെ തളരാത്ത പോരാട്ടം, കടുത്ത ജീവിതസാഹചര്യങ്ങളിലും കൈവിടാത്ത മാനവികത-ഇതെല്ലാമുണ്ട് സോളമന്റെ അനുഭവസാക്ഷ്യത്തിൽ.